മഞ്ചേരി: കാരാപറമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രീന്‍വാലി അക്കാദമിയുടെ വസ്തുവകകള്‍ എന്‍.ഐ.എ. കണ്ടുകെട്ടി. പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രമാണ് ഗ്രീന്‍വാലിയെന്ന് എന്‍.ഐ.എ അറിയിച്ചു. കൊലപാതക്കേസ് പ്രതികള്‍ക്ക് ഇവിടെ അഭയം നല്‍കിയിരുന്നുവെന്നും എന്‍.ഐ.എ പറയുന്നു.
സ്ഥാപനത്തിലെത്തിയ എന്‍.ഐ.എ. സംഘം വസ്തുവകകള്‍ പിടിച്ചെടുക്കുന്നതിനുള്ള നോട്ടീസ് പതിച്ചിരുന്നു. കൊച്ചി യൂണിറ്റില്‍നിന്നുള്ള ചീഫ് ഇന്‍സ്പെക്ടര്‍ ഉമേഷ് റായിയുടെ നേതൃത്വത്തിലാണ് നടപടി. ഗ്രീന്‍വാലി അക്കാദമിക്കുകീഴില്‍ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെത്തുടര്‍ന്ന് സ്ഥാപനത്തില്‍ എന്‍.ഐ.എ. സംഘം പരിശോധന നടത്തിയിരുന്നു. അക്കാദമിയിലെ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയില്‍നിന്ന് ഏതാനും പുസ്തകങ്ങളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും സ്ഥാപനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി.?