കൊച്ചി: കൊച്ചിയില്‍ ഹോട്ടല്‍ മാനേജര്‍ക്ക് കുത്തേറ്റു. ഡിജെ പാര്‍ട്ടിയില്‍ പ്രവേശനം നിഷേധിച്ചതിനാണ് ഹോട്ടല്‍ മാനേജരെ മൂന്നുപേര്‍ ചേര്‍ന്ന് കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ എറണാകുളം സ്വദേശികളായ ലിജോയ്, നിതിന്‍ എന്നിവരെ തേവര പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് സംഭവം.
കടവന്ത്രയിലുള്ള ഹോട്ടലില്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയ മൂന്ന് യുവാക്കള്‍ക്ക് ഹോട്ടല്‍ മാനേജര്‍ പ്രവേശനാനുമതി നല്‍കിയില്ല. തുടര്‍ന്ന് യുവാക്കളും ഹോട്ടല്‍ മാനേജരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനു പിന്നാലെയാണ് ഇവര്‍ മാനേജരെ കത്തിയുപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്. മാനേജരുടെ കൈക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. കേസില്‍ പ്രതിയായ മൂന്നാമനായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.