കാക്കനാട്: ആകര്‍ഷകമായ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍നിന്ന് വന്‍ തുക സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ കമ്പനി ഡയറക്ടര്‍മാരെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തു. ചേരാനെല്ലൂര്‍ എടയപ്പുറം അറയ്ക്കല്‍ വീട്ടില്‍ ജെയ്സണ്‍ ജോയി (42), സഹോദരന് ജാക്സണ് ജോയി (39), ആലപ്പുഴ മാവേലിക്കര ചാവടിയില്‍ കുട്ടിയില്‍ വീട്ടില്‍ ഷിനാജ് ഷംസുദ്ദീന് (28) എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റുചെയ്തത്.
തൃക്കാക്കര വള്ളത്തോള്‍ നഗറില്‍ നടത്തിവന്ന റിംഗ്സ് പ്രൊമോസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്. മാസംതോറും ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് െജയ്സണും ജാക്സണും ചേര്‍ന്ന് ഫെയ്സ്ബുക്കില്‍ പരസ്യം ചെയ്താണ് ആളുകളെ ആകര്‍ഷിച്ചത്.
പണം വിവിധ ബിസിനസുകളിലും ഇ കൊമേഴ്സ് ഇടപാടുകളിലും മുതല്‍മുടക്കി അതില്‍നിന്നു കിട്ടുന്ന ലാഭം വീതിച്ചുകൊടുക്കും എന്നാണ് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്. കോടിക്കണക്കിനു രൂപയുടെ നിക്ഷേപങ്ങള്‍ ലഭിച്ച ശേഷം തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനിയുടെ ഫ്രാഞ്ചൈസികളായാല്‍ മാത്രമേ ഇടപാട് തുടരാന്‍ സാധിക്കൂ എന്നു പറഞ്ഞ് കരാര്‍ ഉണ്ടാക്കി.
തുടര്‍ന്ന് സാധനങ്ങള്‍ എത്തിച്ചെങ്കിലും നിലവാരം ഇല്ലാതിരുന്നതിനാല്‍ വിറ്റുപോയില്ല. ഇതോടെ പണം തിരികെ ചോദിച്ച് നിക്ഷേപകര്‍ എത്തിത്തുടങ്ങി. ഇവരെ ഭീഷണിപ്പെടുത്തുകയും വക്കീല്‍നോട്ടീസ് അയച്ച് ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. പുതുതായി നാലു നിക്ഷേപകരെ ചേര്‍ത്താല്‍ മാത്രമേ പണം തിരികെ നല്‍കൂ എന്നായിരുന്നു ഇവരുടെ നിലപാട്. ഇതു സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.