റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ വയോധികന്റെ മൃതദേഹം കൊണ്ടുപോയത് വഞ്ചിയില്‍. റോഡോ കുടിവെള്ളമോ പാലമോ ഇല്ലാതെ കടുത്ത അവഗണനയിലായ തൃശൂര്‍ മാട്ടുമ്മലില്‍ പട്ടികജാതി കോളനിയിലാണ് സംഭവം.
സഞ്ചാരയേഗ്യമല്ലാത്ത റോഡാണ് മൃതദേഹം വഞ്ചിയില്‍ കൊണ്ട് പോകാന്‍ കാരണമായത്. 15 ലധികം കുടുംബങ്ങള്‍ താമസികുന്ന പ്രദേശത്തെ പട്ടിക ജാതി കോളനിയിലേക്കുള്ള ഏക പാതയാണിത്. ചെളി അടിഞ്ഞ് നടന്ന് പോകാന്‍ പോലും പറ്റാത്ത സ്ഥിതിയാണിവിടെ. പല തവണ പരാതിപ്പെട്ടെങ്കിലും ആരും തിരിഞ്ഞ് പോലും നോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കെഎല്‍ഡിസി ബണ്ട് റോഡായതിനാല്‍ ഇടപെടാനാവില്ലെന്നാണ് ചാഴൂര്‍ പഞ്ചായത്തിന്റെ വിശദീകരണം. റോഡ് നിര്‍മാണം തങ്ങളുടെ പരിധിയില്‍ പെടുന്നതല്ലന്നാണ് കെഎല്‍ഡിസി പറയുന്നത്.
വര്‍ഷ കാലമായാല്‍ തീര്‍ത്തും ഒറ്റപ്പെട്ടു പോകുന്ന സ്ഥിതിയിലാണ് പ്രദേശവാസികള്‍. രോഗികളടക്കം കടുത്ത പ്രതിസന്ധിയിലാണ്. സുരക്ഷിതമായ പാലമോ കുടിക്കാന്‍ കുടിവെള്ളമോ കോളനിയിലില്ല. വീടുകളിലേക്ക് പൈപ്പ് എത്തിച്ചെങ്കിലും വെള്ളം എത്താറില്ല. ചെറിയ വഞ്ചിയില്‍ തുഴഞ്ഞു അക്കരെ ചെന്നാണ് വെള്ളമെത്തിക്കുന്നത്. കാലങ്ങളായി തുടരുന്ന ദുരിതങ്ങളില്‍ തന്നെയാണ് പ്രദേശത്തെ നൂറുകണക്കിനാളുകള്‍. ഇവരുടെ പ്രശനപരിഹാരത്തിന് അധികൃതര്‍ ശ്രമിക്കുന്നില്ലന്ന പരാതിയും ഇവര്‍ക്കുണ്ട്.