കൊച്ചി: പിവി അന്‍വറിന്റെ കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിച്ച് നടപടി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 2017 ല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് വിവരാവകാശ പ്രവര്‍ത്തക സംഘടന നല്കിയ കോടതിയലക്ഷ്യ കേസിലാണ് ഉത്തരവ്.
മിച്ചഭൂമി ആറുമാസത്തിനുള്ളില്‍ തിരിച്ചു പിടിക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 20 ന് ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കിയില്ലെന്നാരോപിച്ച് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ അഞ്ചുമാസത്തിനുള്ളില്‍ മിച്ച ഭൂമി തിരിച്ചു പിടിക്കാന്‍ 2022 ജനുവരിയില്‍ ഉത്തരവിട്ടിരുന്നു. ഇതും സര്‍ക്കാര്‍ നടപ്പിലാക്കാതെ വന്നതോടെയാണ് വിവരാവകാശ പ്രവര്‍ത്തകര്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. കേസില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ കോടതിയോട് സാവകാശം തേടിയത്. എന്നാല്‍ സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാന്‍ ജസ്റ്റിസ് രാജ വിജയരാഘവന് ബെഞ്ച് തയ്യാറായില്ല.
പി.വി. അന്‍വറിന്റെയും കുടുംബത്തിന്റെയും പേരില്‍ വെളിപ്പെടുത്താത്ത 200 ഏക്കര്‍ ഭൂമി ഉണ്ടെന്നാണ് വിവരാവകാശ പ്രവര്‍ത്തകനായ കെ.വി ഷാജി ആരോപിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും വൈകാതെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഷാജി വ്യക്തമാക്കിയിരുന്നു.