കൊച്ചി: കര്‍ണാടക ക്ഷീരവിപണന ഫെഡറേഷന്റെ ബ്രാന്‍ഡായ നന്ദിനി പാലിന്റെയും പാല് ഉത്പന്നങ്ങളുടെയും ആദ്യ കയറ്റുമതി കൊച്ചി തുറമുഖം വഴി. ചൊവ്വാഴ്ച കൊച്ചി തുറമുഖത്തുനിന്ന് നന്ദിനി ഉത്പന്നങ്ങളുമായുള്ള ആദ്യ ചരക്കു കണ്ടെയ്നര്‍ ദുബായിലേക്ക് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള ഈസ്റ്റ് എന്‍ഡ് എന്റര്‍പ്രൈസസ് വഴിയാണ് പാലുത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സാന്നിധ്യമറിയിച്ചുകൊണ്ട് നന്ദിനിയുടെ ആദ്യ ഔട്ട്ലെറ്റ് ഈ മാസം അവസാനത്തോടെ ദുബായില്‍ തുറക്കും. ഇതിനായുള്ള ആദ്യ ലോഡാണ് കൊച്ചിയില്‍നിന്നു പുറപ്പെടുന്നത്. വെണ്ണ, ചീസ്, ടെട്രാപാക്ക് പാല് എന്നിവയാണ് കയറ്റുമതി ചെയ്യുന്നത്.
മംഗലൂരു വഴി കയറ്റുമതി ചെയ്യുമ്പോള്‍ 10 ദിവസമെടുക്കുന്ന സ്ഥാനത്ത് കൊച്ചി വഴി ആറ് ദിവസത്തിനുള്ളില്‍ ഉത്പന്നങ്ങള്‍ ദുബായിലെത്തും. കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറത്തിന്റെ ഇടപെടലാണ് ഇതിന് പ്രോത്സാഹനമായത്.