കൊല്ലം: കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നതില്‍ സിപിഎമ്മും ബിജെപിയും മത്സര ബുദ്ധിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും താന്‍ ഇക്കാര്യം ആധികാരികമായിട്ടാണ് പറയുന്നതെന്നും ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എന്‍.കെ.പ്രേമചന്ദ്രന്.
മുസ്ലിം ലീഗിന് മുസ്ലിങ്ങളുടെ വിഷയങ്ങളില്‍ തീവ്രത പോരെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. മുസ്ലിം തീവ്രവാദികളും ആവശ്യപ്പെടുന്നത് അത് തന്നെയാണ്. അതിലൂടെ മുസ്ലിം തീവ്രവാദികളെ പാര്ട്ടിയിലേക്കത്തിക്കുകയാണ് സിപിഎം ലക്ഷ്യം. പോപ്പുലര്‍ ഫ്രണ്ടുള്പ്പടെയുള്ളവരുമായി സിപിഎം പ്രത്യക്ഷമായും പരോക്ഷമായും സഖ്യത്തിലേര്പ്പെടുന്നുവെന്നും എന്‍.കെ.പ്രേമചന്ദ്രന് പറഞ്ഞു.
മുസ്ലിം വിഷയങ്ങളോടും അവരുടെ പ്രശ്നങ്ങളോടുമുള്ള താത്പര്യമല്ല സിപിഎമ്മിനുള്ളത്. പ്രശ്നം വോട്ടാണ്. അധികാര രാഷ്ട്രീയത്തിനപ്പുറം സിപിഎമ്മിന് കേരളത്തില്‍ ഒന്നുമില്ല.
വര്‍ഗീയത വളര്‍ത്തല്‍ സിപിഎമ്മിന്റെ ആവശ്യമാണ്. ഏക സിവില്‍ കോഡിലും അവര്‍ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇ.എം.എസും ഇ.കെ.നായനാരും അടക്കമുള്ളവര്‍ സ്വീകരിച്ചുപോന്നിരുന്ന ഏക സിവില്‍ കോഡിനെ പിന്തുണച്ചുള്ള നിലപാടില്‍ നിന്ന് പിന്‍വാങ്ങിയോ എന്ന് സിപിഎം ആധികാരികമായി പറയണമെന്നും പ്രേമചന്ദ്രന് ആവശ്യപ്പെട്ടു.
ഹിന്ദു-മുസ്ലിം സ്പര്‍ധയും പകയും വിദ്വേഷവും സൃഷ്ടിച്ച് ദേശീയ രാഷ്ട്രീയത്തില്‍ അധികാരത്തില്‍ തിരിച്ചുവരാന്‍ ബിജെപിയും കേരളത്തില്‍ അതിന്റെ ഗുണഭോക്താക്കള്‍ ആകാന്‍ ശ്രമിക്കുന്ന സിപിഎമ്മും പരസ്പര ധാരണയിലാണെന്നും കൊല്ലം എംപി പറഞ്ഞു.
കേരളത്തില്‍ ഇത്രയേറെ അഴിമതി ആരോപണങ്ങള്‍ ഉണ്ടായിട്ടും ബിജെപി പുലര്‍ത്തിവരുന്ന മൗനം ധാരണകളുടെ അടിസ്ഥാനത്തിലാണെന്നും പ്രേമചന്ദ്രന് കൂട്ടിച്ചേര്‍ത്തു.