വണ്ടിപ്പെരിയാര്‍ : അയ്യപ്പന്‍കോവിലില്‍ യുവതി വീട്ടില്‍ തൂങ്ങി മരിച്ചത് സുഹൃത്തിന്റെ ഭാര്യയുടെ നിരന്തരമായ ഭീഷണി കാരണമെന്നാരോപണവുമായി യുവതിയുടെ കുടുംബം. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ജൂലായ് ഒന്നിനാണ് വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവില്‍ സ്വദേശിയായ ശ്രീദേവിയെ (34) സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ശ്രീദേവിയുടെ ആത്മഹത്യക്കുറിപ്പ് ബാഗില്‍നിന്ന് കണ്ടെത്തി.
ഇതില്‍, ശ്രീദേവിയുടെ സുഹൃത്തിന്റെ ഭാര്യ തങ്ങളുടെ സൗഹൃദത്തെ സംശയത്തോടെ കാണുകയും വിദേശത്ത് ജോലി ചെയ്യുന്ന ഇവര്‍ നിരന്തരം ഫോണില്‍ വിളിച്ച് മാനസികമായി പീഡിപ്പിച്ചതായും സൂചിപ്പിക്കുന്നുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറായ സുഹൃത്ത് തന്റെ ബുദ്ധിമുട്ടുകള്‍ പറഞ്ഞ് പലപ്പോഴായി വീടുപണിക്കായി ശ്രീദേവിയില്നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ച് കൊടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം സ്വര്‍ണം പണയംവെച്ച് ശ്രീദേവി ലക്ഷത്തിലധികം തുക കൈപ്പറ്റിയിരുന്നു. എന്നാല്‍, ഈ പണം വീട്ടില്‍നിന്നോ ബാങ്ക് അക്കൗണ്ടില്‍നിന്നോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ തുക സുഹൃത്ത് കൈക്കലാക്കിയിരിക്കാമെന്ന സംശയത്തിലാണ് വീട്ടുകാര്‍. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കുറ്റക്കാര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.