തിരുവനന്തപുരം: സബ്സിഡി ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള പണം ലഭിക്കാതായതോടെ വിശപ്പുരഹിത കേരളം സൃഷ്ടിക്കാന്‍ ആരംഭിച്ച സുഭിക്ഷ ഹോട്ടലുകള്‍ സംശ്താനത്ത് വ്യാപകമായി പൂട്ടുന്നു. സംസ്ഥാന തല ഉദ്ഘാടനം നടന്ന ഹോട്ടലും ഇന്നലെ പൂട്ടി. സബ്സിഡി ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ളത് 4 ലക്ഷത്തോളം രൂപയാണ്. വൈദ്യുതി ചാര്‍ജ് പോലും നിവര്‍ത്തിയില്ലാതെ വന്നതോടെയാണ് കട പൂട്ടിയതെന്ന് നടത്തിപ്പുകാര്‍ പറയുന്നു.
സംസ്ഥാനത്ത് 2022 മെയ് മാസത്തിലാണ് വിശപ്പ് രഹിത കേരളത്തിനായി സുഭിക്ഷ ഹോട്ടലുകള്‍ തുടങ്ങിയത്. ഇതിന്റെ സംസ്ഥാനതലത്തിലുള്ള ഉദ്ഘാടനം നടന്ന തിരുവനന്തപുരം കാട്ടാക്കടയിലെ സുഭിക്ഷ ഹോട്ടലാണ് അടച്ചുപൂട്ടേണ്ടി വന്നത്. ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്. അനില്‍ പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോള്‍ സംസ്ഥാനത്താകെ 35 സുഭിക്ഷ ഹോട്ടലുകള്‍ക്കാണ് തുടക്കം കുറിച്ചത്. സ്വയം സഹായ സംഘങ്ങള്‍ക്ക് മേല്‍നോട്ടം ഏല്‍പ്പിച്ചു സംസ്ഥാനത്ത് തുടങ്ങിയ പല സുഭിക്ഷ ഹോട്ടലുകളും സാമ്പത്തിക പ്രതിസന്ധിയിലായി എന്ന വാര്‍ത്തകള്‍ വന്നിരുന്നു.
തിരുവനന്തപുരം ജില്ലയില്‍തന്നെ മറ്റൊരു ഹോട്ടല്‍ സമാനമായ രീതിയില്‍ പൂട്ടേണ്ട സാഹചര്യമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച ഹോട്ടലിനും താഴ് വീണത്. സബ്സിഡി ഇനത്തില്‍ ലഭിക്കേണ്ട തുക ഉള്‍പ്പെടെ നാല് ലക്ഷത്തോളമാണ് ബാധ്യത. കഴിഞ്ഞ ഒരാഴ്ചയായി ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. സബ്സിഡി ലഭിച്ചില്ലെങ്കിലും നഷ്ടം സഹിച്ച് മുന്നോട്ടുപോയ ഹോട്ടലിന് വൈദ്യുതി ബില്‍ കുടിശ്ശികയായിരുന്നു. ബില്‍ കുടിശ്ശികയെ തുടര്‍ന്ന് കെ.എസ്.ഇ.ബി അധികൃതര്‍ ഹോട്ടലിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.
കാട്ടാക്കടയില്‍ സുഭിക്ഷ ഹോട്ടലിന് ലഭിക്കാനുള്ളത് ആറു മാസത്തെ സബ്സിഡി തുകയാണ്. ഇതില്‍ ഊണിന് മാത്രം മാസം 60000 രൂപയും വൈദ്യുതി ബില്‍ ഇനത്തില്‍ ശരാശരി ഒന്‍പതിനായിരം രൂപയും വരും. ഓരോ ഊണിനും സബ്സിഡിയായി 5 രൂപ സര്‍ക്കാര്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. 20 രൂപ നിരക്കിലാണ് സുഭിക്ഷ ഹോട്ടലില്‍ ഉച്ചയൂണ് നല്‍കുന്നത്. നാലു കൂട്ടുകറികളും, മൂന്നു ഒഴിച്ചുകറികളും വച്ചാണ് ഉച്ചയൂണ്. പാഴ്സലായി നല്കുന്ന ഊണിന് 25 രൂപ ഈടാക്കാം. കെടിടത്തിന്റെ വാടക സര്‍ക്കാര്‍ നല്‍കും കൂടാതെ വൈദ്യുതി ബില്‍ അടച്ചു രസീത് നല്കിയാല് തുക സബ്സിഡിക്കൊപ്പം നല്‍കും. ഹോട്ടലിന് അവശ്യമായവ പൊതു വിതരണ സംവിധാനം വഴി ലഭിക്കും എന്നൊക്കെയായിരുന്നു വകുപ്പിന്റെ വാഗ്ധാനം.
എന്നാല്‍ സബ്സിഡി കിട്ടാന്‍ വൈകുന്നതിന് പുറമെ ഹോട്ടലുകളിലേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങള്‍ പൊതുവിതരണ സംവിധാനത്തിന് പുറത്തുനിന്ന് വാങ്ങേണ്ടി വന്നതും പല സുഭിക്ഷ ഹോട്ടലുകളെയും ബാധിച്ചു. ഭക്ഷ്യ- പൊതുവിതരണ വകുപ്പാണ് സബ്സിഡി അനുവദിക്കേണ്ടത്. എന്നാല്‍ വകുപ്പ് വാക്ക് പാലിക്കാതായതോടെ സാധനങ്ങള്‍ വാങ്ങാനും ജോലിക്കാര്‍ക്ക് ശബളം നല്‍കാനും കടം വാങ്ങിയും പണയം വച്ചും നടത്തിപ്പുകാര്‍ ആകെ ദുരിതത്തിലായി. നിലവിലെ സാധനങ്ങളുടെ വിലക്കയറ്റവും ഇവരുടെ പ്രതിസന്ധി ഇരട്ടിയാക്കി. ഇതോടെയാണ് ഇപ്പൊള്‍ ഹോട്ടല്‍ അടച്ചു പൂട്ടിയത്.