പാലക്കാട്; വാളയാറില്‍ കഴിഞ്ഞ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി അറസ്റ്റിലായ ഇന്‍സ്റ്റഗ്രാം മോഡല്‍ ഷമീനയും കാമുകന് റയീസും ഹണിട്രാപ്പിലടക്കം പ്രതികളെന്ന് പോലീസ്. രാത്രിയില്‍ നടന്ന പരിശോധനയില്‍ 62 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരും പോലീസിന്റെ വലയില്‍ കുടുങ്ങുന്നത്. സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പുമായിരുന്നു ഷമീന.. സുഹൃത്ത് എടശ്ശേരി തളിക്കുളം അറക്കല്‍ വീട്ടില്‍ മുഹമ്മദ് റയീസിനെയും (31) അറസ്റ്റ് ചെയ്തിരുന്നു. കൊച്ചിയിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ചു മോഡലുകളും സമൂഹമാദ്ധ്യമ കൂട്ടായ്മയിലെ താരങ്ങളും നടത്തിയ പാര്‍ട്ടിയിലേക്കാണ് ഇവര്‍ എംഡിഎംഎ കൊണ്ടുപോയതെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് രാസ ലഹരിയെത്തിച്ച് ഡി.ജെ പാര്‍ട്ടികളിലടക്കം വ്യാപകമായി വില്‍പ്പന നടത്തുന്നത്. ബെംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് രാസ ലഹരിയെത്തുന്നതെന്നാണ് വിവരം.ഷമീന 2019ല്‍ തിരുവമ്പാടി, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഹണി ട്രാപ് കേസിലും പ്രതിയാണ്. റിസോര്‍ട്ട് ഉടമയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലായിരുന്നു അറസ്റ്റ്. റിസോര്‍ട്ടില്‍ കൂട്ടാളി സംഘത്തോടൊപ്പം മുറിയെടുത്ത ശേഷമായിരുന്നു തട്ടിപ്പ്.
മുഹമ്മദ് റയീസ് ഐടി പ്രഫഷനലാണ്. മാസങ്ങള്‍ക്കു മുന്‍പാണ് ഇയാള്‍ ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചു തൃശൂരിലെത്തിയത്. ബെംഗളൂരുവില്‍നിന്നു ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്നുമായി ഇവര്‍ എത്തിയ ആഡംബര ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കസബ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു. കസബ പോലീസും ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.