മുംബൈ: അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പവാറിന് പുറമേ ഇതില്‍ എട്ട് എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുതിര്‍ന്ന എന്‍സിപി നേതാവായ ഛഗന്‍ ഭുജ്ബല്‍, ദിലീപ് വല്‍സെ പതി, ധനഞ്ജയ് മുണ്ടെ, അനില്‍ പാട്ടീല്‍, ധര്‍മറാവു അത്രം, സുനില്‍ വല്‍സാദെ, അതിഥി താക്കറെ, ഹസന് മുഷ്റിഫ്, എന്നിവരാണ് മന്ത്രിസ്ഥാനത്തെത്തിയ മറ്റു നേതാക്കള്‍.
അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിലൂടെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് അജിത് പവാര്‍, തന്നെ പിന്തുണയ്ക്കുന്ന എംഎല്എമാര്ക്കൊപ്പും രാജ്ഭവനിലെത്തിയത്. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരുമായി ഇവരുടെ ചര്‍ച്ച പുരോഗമിക്കുന്നതിനെപ്പം തന്നെ രാജ്ഭവനില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. തുടര്‍ന്ന്, ഉച്ചകഴിഞ്ഞ് രണ്ടരയോടെ അജിത് പവാര്‍ അടക്കമുള്ളവരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നു.
29 എംഎല്‍എമാരുമായി എന്‍സിപി വിട്ട പവാര്‍ ബിജെപി – ശിവസേന സഖ്യത്തിനൊപ്പം ചേരുകയായിരുന്നു. എന്‍സിപിയിലെ തലമുറ മാറ്റത്തെ തുടര്‍ന്ന് അജിത് പവാറിനെ പിന്തള്ളി മകള്‍ സുപ്രിയ സുലെയെയാണ് ശരദ് പവാര്‍ നിയോഗിച്ചത്. ഇതേ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധിയാണ് പിളര്‍പ്പില്‍ കലാശിച്ചത്. ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയില്‍ എന്‍സിപി നിയമസഭാംഗങ്ങളുടെ യോഗം ചേര്‍ന്നിരുന്നു. അവിടെ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ, മുതിര്‍ന്ന നേതാവ് ഛഗന്‍ ഭുജ്ബല്‍ എന്നിവരും പങ്കെടുത്തു. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ മുംബൈയിലെ കൂടിക്കാഴ്ചയെക്കുറിച്ച് അറിയില്ലെന്നായിരുന്നു ശരദ് പവാര്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.