കോഴിക്കോട് : ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി സംസ്ഥാനത്ത് വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ പള്ളികളില്‍ പെരുന്നാള്‍ നമസ്കാര ചടങ്ങുകള്‍ നടക്കും. മഴ മുന്നറിയിപ്പുള്ളതിനാല്‍ പല ജില്ലകളിലും ഇക്കുറി ഈദ് ഗാഹുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സഊദി അറേബ്യ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നലെയായിരുന്നു ബലിപെരുന്നാള്‍.
ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കലുമാണ് ഈ ദിനം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന് ഇസ്മാ ഈലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നല്കാന് ദൈവം നിര്‍ദേശിച്ചതായാണ് വിശ്വാസം. ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍. സ്നേഹം കൈമാറി പരസ്പരം സാഹോദര്യം പുലര്‍ത്താനുള്ള അസുലഭ മുഹൂര്‍ത്തമാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍.
കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഈദ് ഗാഹില്‍ നൂറുകണക്കിന് വിശ്വാസികള്‍ ഒത്തുചേര്‍ന്നു. ഇബ്രാഹിം നബിയുടെയും മകന് ഇസ്മായില്‍ നബിയുടെയും ത്യാ?ഗോജ്വലമായ ജീവിതത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശമാണ് ബലിപെരുന്നാള്‍ ആഘോഷം. ?ഗള്‍ഫ് രാജ്യങ്ങള്‍ ഇന്നലെ പെരുന്നാള്‍ ആഘോഷിച്ചു. സംസ്ഥാനത്ത് ഇന്നും നാളെയും പെരുന്നാള്‍ അവധിയാണ്.
ബക്രീദ് ത്യാഗത്തെയും സര്‍വ്വശക്തനിലുള്ള ശാശ്വതമായ വിശ്വാസത്തെയും മഹത്വപ്പെടുത്തുന്ന ആഘോഷമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. സാഹോദര്യത്തെയും സാമൂഹിക ഐക്യത്തെയും ഊട്ടിയുറപ്പിച്ച് സ്നേഹത്തിലൂടേയും ഐക്യത്തോടെയും നിലകൊള്ളാന്‍ ബലിപെരുന്നാള്‍ നമ്മെ പ്രചോദിപ്പിക്കട്ടെയെന്നും ആശംസയില്‍ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസി സമൂഹത്തിന് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലിപെരുന്നാളിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവര്‍ക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്നേഹിക്കാനും ഏവര്‍ക്കും സാധിച്ചാല്‍ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ആശംസയില്‍ കൂട്ടിച്ചേര്‍ത്തു.