കാസര്‍കോട്: നാടകം കളിച്ചുനടക്കുന്ന കല്പ്പണിക്കാരന് കുഞ്ഞിരാമേട്ടന് സ്വന്തമായി നിര്‍മ്മിച്ച ആശുപത്രി നാടിന് സമര്‍പ്പിച്ചു. എം. രാജഗോപാലന്‍ എം.എല്‍.എയാണ് ‘കണ്ണങ്കൈ കുഞ്ഞിരാമന് ക്ലിനിക്’ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ചെറുവത്തൂര്‍ വില്ലേജ് ഓഫീസിനു സമീപമാണ് കുഞ്ഞിരാമേട്ടന്റെ സ്വന്തം ക്ലിനിക്ക് ഒരുക്കിയിരിക്കുന്നത്. സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍ ചികിത്സ ലഭിക്കണമെന്ന കുഞ്ഞിരാമന്റെ സ്വപ്നമാണ് ഇവിടെ യാഥാര്‍ഥ്യമാകുന്നത്.
കെട്ടിടനിര്മാണത്തൊഴിലിലൂടെ സ്വരുക്കൂട്ടിയ സമ്പാദ്യമാണ് കുഞ്ഞിരാമന്റെ ആശുപത്രി. 10 രോഗികളെ കിടത്തിച്ചികിത്സിക്കാവുന്ന ക്ലിനിക്കില്‍ എല്ലാ അടിയന്തരവൈദ്യസഹായവും ലഭിക്കും. മൂന്ന് സ്ഥിരം ഡോക്ടര്‍മാര്‍ക്കുപുറമേ സന്ദര്‍ശകരായെത്തുന്ന വിദഗ്ധഡോക്ടര്‍മാരുടെ സേവനവുമുണ്ടാകും. ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും ലാബുകളും സ്കാനിങ് സൗകര്യവും ഇവിടെയുണ്ട്.
അമ്മയ്ക്ക് സമര്‍പ്പണം
അമ്മയുടെ മരണമാണ് ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ സജീവമായ കുഞ്ഞിരാമനെ നാട്ടില്‍ ചെറിയ ആശുപത്രിയുണ്ടാക്കണമെന്ന തീരുമാനത്തിലെത്തിച്ചത്. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട അമ്മയ്ക്ക് ചില സ്വകാര്യ ആശുപത്രികളിലെത്തിയപ്പോള്‍ പ്രാഥമിക ചികിത്സയ്ക്കുപോലും കാലതാമസം നേരിട്ടു. രണ്ടാഴ്ചത്തെ ആയുസ്സാണ് പരിശോധനയില്‍ ചില ഡോക്ടര്‍മാര്‍ വിധിച്ചത്. പിന്നീട് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സതേടി ആറുമാസം അമ്മയുടെ ജീവിതം നീട്ടിക്കിട്ടി.
പണമില്ലാത്തതിന്റെപേരില്‍ ചികിത്സതേടാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ഒട്ടേറെ പാവപ്പെട്ടവര്‍ കണ്മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. അത്തരക്കാര്‍ക്ക് തണലിടം വേണമെന്ന നിശ്ചയദാര്‍ഢ്യമാണ് പിന്നാക്കപ്രദേശമായ ചെറുവത്തൂരിന്റെ പടിഞ്ഞാറന്‍ പ്രദേശത്ത് സ്ഥാപിച്ച ‘കണ്ണങ്കൈ കുഞ്ഞിരാമന് ക്ലിനിക്’. കല്പ്പണിക്കാരനായതിനാല് നിര്‍മാണം വേഗത്തിലായെന്നും കെട്ടിടത്തിന്റെ ഓരോ കല്ലും ചേര്‍ത്തുവെച്ചത് സ്വന്തം കൈകള്കൊണ്ടാണെന്നും കുഞ്ഞിരാമന് പറഞ്ഞു.
ആരാണ് കുഞ്ഞിരാമന്
ചെറുവത്തൂര്‍ കണ്ണങ്കൈ സ്വദേശിയായ കുഞ്ഞിരാമന് 15-ാം വയസ്സിലാണ് കല്പ്പണിക്കാരനായത്. അഭിനയത്തോടുള്ള അഭിനിവേശം കാരണം തൊഴിലിനൊപ്പം അമച്വര്‍ നാടകരംഗത്ത് സജീവമായി. പിന്നീട് കണ്ണങ്കൈ നാടകവേദിയുടെ അമരത്ത്. 2003-ല്‍ ‘വേഷം’ നാടകത്തില്‍ സംഗീതനാടക അക്കാദമിയുടെ നല്ലനടനെന്ന സംസ്ഥാനതല അംഗീകാരം. കയ്യൂര്‍ സംഭവം ഇതിവൃത്തമാക്കി ‘അരയാക്കടവ്’ എന്ന സിനിമയെടുത്ത കുഞ്ഞിരാമന് ഇതില്‍ ചവിണിയന്‍ എന്ന കഥാപത്രത്തെ അവതരിപ്പിച്ചു. ഗിരീഷ് ഗ്രാമികയുമായിച്ചേര്ന്ന് പുതിയ സിനിമചെയ്യാനുള്ള ഒരുക്കവും നടക്കുന്നതായി കുഞ്ഞിരാമന് പറഞ്ഞു.