കൊച്ചി: ഉന്നത ഉദ്യോഗസ്ഥനെ കുടുക്കാന്‍ മാതൃഭൂമി ന്യൂസിന്റെ റിപ്പോര്‍ട്ടര്‍മാരെ ഉപയോഗിക്കാന്‍ ശ്രമിച്ചെന്ന എം.വി. ശ്രേയാംസ് കുമാറിന്റെ വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരേ മൊഴിനല്‍കാന്‍ മാതൃഭൂമി ന്യൂസ് റിപ്പോര്ട്ടര്ക്കുമേല് പോലീസ് ശക്തമായ സമ്മര്‍ദം ചെലുത്തിയെന്നാണ് മാതൃഭൂമി മാനേജിങ് ഡയറക്ടറും എല്‍.ഡി.എഫ്. ഘടകകക്ഷിനേതാവുമായ ശ്രേയാംസ് കുമാര്‍ വെളിപ്പെടുത്തിയത്. ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ പ്രതിചേര്‍ക്കാന്‍ പോലീസുതന്നെ ശ്രമിക്കുന്ന വിചിത്രകാഴ്ചയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്നും സതീശന് പറഞ്ഞു. ഗുരുതരമായ വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകാത്തത് എന്തുകൊണ്ടാണ്?” -സതീശന് ചോദിച്ചു.
സതീശന് പറഞ്ഞത്
എല്‍.എഡി.എഫില്‍ അനൈക്യം വളരുകയാണ്. ഒട്ടേറെ പ്രശ്നങ്ങളില്‍പ്പെട്ട് സര്‍ക്കാര്‍ നില്‍ക്കുകയാണ്. എല്‍.ഡി.എഫ്. ശിഥിലമാകുന്നതിന്റെ ആരംഭമാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ശ്രേയാംസ് കുമാറിനെതിരേ സി.പി.എം. സൈബര്‍ ആക്രമണമാരംഭിച്ചത്. ദേശാഭിമാനി പത്രത്തിന്റെ താക്കോല്‍ സ്ഥാനത്തിരിക്കുന്നയാള് മുതലുള്ള സി.പി.എം. നേതാക്കളാണ് സൈബര്‍ ആക്രമണം നടത്തുന്നത്. സി.പി.എം. നേതാക്കളുടെ അറിവോടെയാണ് സൈബര്‍ വെട്ടുക്കിളിക്കൂട്ടം ഘടകകക്ഷിനേതാവിനെ ആക്രമിക്കുന്നത്.
സര്‍ക്കാരിനെതിരേയും എസ്.എഫ്.ഐ.ക്കെതിരേയും മറ്റൊരു ഘടകകക്ഷിയായ സി.പി.ഐ.യും അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. സി.പി.ഐ. മുഖപത്രമായ ജനയുഗവും എസ്.എഫ്.ഐ.ക്കും സി.പി.എമ്മിനുമെതിരേ രംഗത്തെത്തി. യു.ഡി.എഫില്‍ കുഴപ്പമുണ്ടാക്കാന്‍ വന്നവര്‍ ഇപ്പോള്‍ എല്‍.ഡി.എഫിലെ അനൈക്യംകണ്ട് പതറിനില്‍ക്കുകയാണ് -സതീശന് പരിഹസിച്ചു.