കൊച്ചി: അവയവ തട്ടിപ്പില്‍ ലേക്ഷോര് ആശുപത്രിയുടേത് ഗുരുതര വീഴ്ചകളും സാമ്പത്തീകം ലക്ഷ്യമിട്ടുള്ള തട്ടിപ്പും. എബിന്റെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അവയദാനത്തെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
എബിനെ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുത്ത് യുവാവിന്റെ അവയവങ്ങള്‍ വിദേശിയ്ക്ക് ദാനം ചെയ്തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്ഷോര് ആശുപത്രിക്കെതിരെ കോടതി കേസെടുത്തിരുന്നു. കൊല്ലം സ്വദേശിയായ ഡോ. ഗണപതിയുടെ ഹര്ജിയിന്മേലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി കേസെടുത്തിരിക്കുന്നത്. എട്ട് ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അവയവ ദാതാവിന്റെ ശരീരം പരിശോധിക്കാന്‍ അവസരം ഒരുക്കിയില്ല
മരണപ്പെട്ട എബിന്റെ ശരീരത്തില്‍ നിന്നും അവയവങ്ങള്‍ നീക്കം ചെയ്യുന്നതിന് മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്ന ഡോക്ടമാര്‍ക്ക് അവയവ ദാതാവിന്റെ ശരീരം പരിശോധിക്കാന്‍ അവസരം ഒരുക്കിയില്ലെന്ന് പുനരന്വേഷണ റിപ്പോര്‍ട്ട്. എബിന്റെ കരളും, വൃക്കയും നീക്കം ചെയ്ത കൂട്ടത്തില്‍ ഹൃദയത്തിന്റെ കുറെ ഭാഗങ്ങള്‍ കൂടി നീക്കം ചെയ്തിരുന്നതായി ചെയ്ത ഡോക്ടര്‍ മൊഴി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൃതദേഹത്തോട് അനാദരവ് കാണിച്ച് ഡോ ബി. വേണുഗോപാല്‍
മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് ലേക്ഷോര് ആശുപത്രിയിലെ ഡോ ബി. വേണുഗോപാല്‍ ഐപിസി 297 വകുപ്പ് പ്രകാരം കുറ്റംചെയ്തതായി അന്നത്തെ കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഫെയ്മസ് വര്‍ഗീസ് കണ്ടെത്തിയിരുന്നു. 2011 ല്‍ സമര്‍പ്പിച്ച പുനപരിശോധന റിപ്പോര്‍ട്ടിലാണ് ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ ഗുരുതര ആരോപണമുള്ളത്.
രക്തം തലയില്‍ കട്ട പിടിച്ചു, പ്രതിവിധി ചെയ്തില്ല
2009 നവംബര്‍ 29 നാണ് ഉടുമ്പന്‍ചോല സ്വദേശിയായ വിജെ എബിനെ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിന്റെ തലയിലെ രക്തം കട്ടപിടിച്ചിരുന്നതായും എന്നാല്‍ അത് നീക്കം ചെയ്യാതെ ആശുപത്രി അധിക്യതര്‍ യുവാവിനെ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയില്‍ കട്ട പിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി മരണം സംഭവിക്കാതെ തടയമായിരുന്നു. എന്നാല്‍ അത് ഡോക്ടര്‍മാര്‍ ചെയ്തില്ലെന്നും യുവാവിനെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നും പരാതിക്കാരന് ചൂണ്ടിക്കാട്ടുന്നു.
അവയവങ്ങള്‍ വിദേശികള്‍ക്ക് ദാനം ചെയ്തു.
യുവാവിന്റെ അവയവങ്ങള്‍ വിദേശികള്‍ക്ക് ദാനം ചെയ്തു. എന്നാല്‍ നടപടി ക്രമങ്ങള്‍ ഒന്നുംതന്നെ പാലിക്കാതെയാണ് ആശുപത്രി അധികൃതര്‍ വിദേശികള്‍ക്ക് അവയവം ദാനം ചെയ്തതെന്ന് പരാതിക്കാരന് ആരോപിച്ചു. ഇത് കോടതി ശരിവെക്കുകയായിരുന്നു. തുടര്‍ന്ന് 8 പ്രതികള്‍ക്ക് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.