നിയമകാര്യ ലേഖകൻ
കൊച്ചി: ശബരിമല സംഭവങ്ങളുടെ വെളിച്ചത്തിൽ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പോലിസ് അതിക്രമം ഉള്‍പ്പെടെ ചോദ്യം ചെയ്തുകൊണ്ടുള്ള വിവിധ ഹര്‍ജികളില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന് അക്കമിട്ട് അറിയിക്കാന്‍ ഹൈക്കോടതി കഴിഞ്ഞദിവസം ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച ദേവസ്വം ബഞ്ച് പോലീസ് അതിക്രമങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ശബരിമലയില്‍ നിയോഗിച്ച ഉന്നത പോലിസുദ്യോഗസ്ഥരുടെ വിശദാംശങ്ങളും ഡിജിപി ഇന്ന് കോടതിയെ അറിയിക്കണം.
സന്നിധാനത്തും നടപ്പന്തലിലും എത്രപേരെ ഉള്‍ക്കൊള്ളിക്കാനാകും, സ്ത്രീകള്‍ക്കും അംഗപരിമിതര്‍ക്കും കുട്ടികള്‍ക്കും എന്തൊക്കെ സൗകര്യം ഒരുക്കി എന്നീ കാര്യങ്ങളും സര്‍ക്കാര്‍ കോടതിയെ അറിയിക്കണം. വലിയനടപ്പന്തലില്‍ എത്രപേര്‍ക്ക് വിശ്രമിക്കാനാകുമെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കെഎസ്ആര്‍ടിസി സര്‍വ്വീസ് സംബന്ധിച്ച് റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷ സമയത്ത് നടന്ന അക്രമ സംഭവങ്ങളില്‍ പോലീസുകാര്‍ക്കെതിരെ എടുത്ത അച്ചടക്കനടപടികളും സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കണം.
ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ച് ദേവസ്വംബോര്‍ഡും ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കും.
അവിശാസികളെ വിലക്കണമെന്നാവശ്യപ്പെട്ട ടി.ജി മോഹന്‍ദാസിന്റെ ഹര്‍ജിയില്‍ വാദം തുടരും. ചിത്തിര ആട്ട വിശേഷ കാലത്ത് ശബരിമലയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള സ്പെഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട്, പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ലെന്ന റിപ്പോര്‍ട്ട് എന്നിവയും ഡിവിഷന് ബഞ്ചിന്റെ പരിഗണനയിലുണ്ട്.
ശബരിമലയിലെ അനിഷ്ട സംഭവങ്ങളില്‍ ദേവസ്വം ഓംബുഡ്സ്മാന്റെ അന്വേഷണം ആവശ്യപ്പെട്ടാണ് കോടതിയിലെത്തുന്ന മറ്റൊരു പ്രധാന ഹര്‍ജി.
അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി പിസി ജോര്‍ജ്ജ് എം.എല്‍.എ സമര്‍പ്പിച്ച ഹര്‍ജിയും ദേവസ്വം ബഞ്ച് ഇന്ന് പരിഗണിക്കും. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഹര്‍ജിയും ഇന്നു ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തും.