മാവേലിക്കര:പിതാവിന്റെ വെട്ടേറ്റുമരിച്ച ആറുവയസുകാരി നക്ഷത്രയുടെ മൃതദേഹം സംസ്കരിച്ചു. പത്തിയൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ഒരു നോക്ക് കാണാൻ എത്തിയത് നൂറുകണക്കിന് പേരാണ്. .നക്ഷത്രയുടെ ചിത്രംകണ്ട് ചിലർ വാവിട്ട് കരയുന്ന കാഴ്ചയും കരളലിയിക്കുന്നതായി.
ബുധനാഴ്ച വൈകിട്ട് 7.30നാണ് നക്ഷത്രയെ മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് (38) കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മ സുനന്ദയേയും (62) ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവമറിഞ്ഞെത്തിയ സമീപവാസികളെ ഇയാൾ മഴുകാട്ടി ഭീഷണിപ്പെടുത്തി. ആക്രമിക്കാനും ശ്രമിച്ചു. പൊലീസ് എത്തി കീഴ്പ്പെടുത്തിയാണ് കസ്റ്റഡിയിലെടുത്തത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരുന്ന സുനന്ദ ഇന്നലെ വീട്ടിലെത്തി. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. പത്തിയൂരിൽ വിദ്യയുടെ വീട്ടുവളപ്പിലായിരുന്നു നക്ഷത്രയുടെയും സംസ്കാരം.
ശ്രീമഹേഷ് റിമാൻഡിലായതിന് പിന്നാലെ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.