ദുബായ്: വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് വിമാനക്കമ്പനികളുടെകൊള്ള. ബലിപെരുന്നാളും മധ്യവേനലവധിയും മുന്നില്‍ക്കണ്ട് യു.എ.ഇ.യില്നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിലാണ് എയര്‍ലൈനുകള്‍ വന്‍ വന്‍വര്‍ധന വരുത്തിയിരിക്കുന്നത്. മിക്കടിക്കറ്റകള്ക്കു ഇരട്ടിയിലധികമാണ് ചാര്‍ജ്ജ് വര്ധിപ്പിച്ചിരികകുന്നത്.
ബലിപെരുന്നാള്‍ ജൂണ്‍ 28-ന് ആകാനാണ് സാധ്യത. പെരുന്നാളിന് ഒരാഴ്ച അവധി ലഭിക്കുമെന്നാണ് കരുതുന്നത്. ജൂണ്‍ അവസാനത്തോടെ വേനലവധിക്കായി യു.എ.ഇ.യിലെ സ്കൂളുകള്‍ അടയ്ക്കും. സ്കൂളുകള്‍ അടച്ചാല്‍ കുടുംബസമേതം നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരുണ്ട്. ഇതിനിടെയാണ് വിമാനക്കമ്പനികളുടെ കൊള്ള ഇത്തവണയും പ്രവാസികളുടെ നടുവൊടിച്ചെത്തുന്നത്്.
ഇരട്ടിയിലധികം നിരക്ക്
തിരക്കില്ലാത്ത സമയങ്ങളില്‍ യു.എ.ഇ.യില്നിന്ന് ഇന്ത്യയിലേക്ക് 1000 ദിര്‍ഹത്തില്‍ (ഏകദേശം 22,000 രൂപ) താഴയേ ടിക്കറ്റ് നിരക്കുള്ളൂ. നിലവില്‍ 2000 ദിര്‍ഹത്തിന് (ഏകദേശം 45,000 രൂപ) മുകളിലാണ് ഒരു വശത്തേക്ക് മാത്രമുള്ള യാത്രയ്ക്ക് നല്‍കേണ്ടത്. ഇത് ഓരോ ദിവസവും വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലേക്ക് പോയിവരാന്‍ 3000 ദിര്‍ഹത്തിന് (ഏകദേശം 67,000 രൂപ) മുകളില്‍ നല്‍കണം. ജൂണ്‍ അവസാനവാരം മുതല്‍ ബജറ്റ് വിമാനകമ്പനികളുടെ ടിക്കറ്റിനുവരെ 2000 ദിര്‍ഹത്തിലേറെ നല്‍കണം. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നിവയെല്ലാം 3200 ദിര്‍ഹം (ഏകദേശം 72,000 രൂപ) വരെ ഈടാക്കുന്നുണ്ട്.
വിമാന സര്‍വീസുകള്‍ കുറഞ്ഞതും കാരണം
വിമാന സര്‍വീസുകള്‍ കുറഞ്ഞതാണ് അമിതമായ നിരക്കുവര്‍ധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കണ്ണൂരില്‍നിന്ന് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഗോ ഫസ്റ്റ് സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിയതിനാല്‍ ആ വിമാനത്തില്‍ ടിക്കറ്റ് എടുത്തവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സര്‍വീസ് പുനരാരംഭിച്ചില്ലെങ്കില്‍ മറ്റേതെങ്കിലും വിമാനത്തില്‍ ടിക്കറ്റെടുക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകും. എയര്‍ഇന്ത്യ കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച് അവസാനംമുതല്‍ പൂര്‍ണമായും നിര്‍ത്തിയതും വിമാനനിരക്കിലെ വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.