പുനലൂര്‍ : പുനലൂര്‍ സ്റ്റേഷനില്‍ റെയില്‍വേ നിര്‍മിക്കുന്ന 110 കെ.വി. ട്രാക്ഷന്‍ സബ്സ്റ്റേഷന്റെ മുഴുവന്‍ നിര്‍മാണപ്രവൃത്തികളും പൂര്‍ത്തിയായി. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ഓഫ് ഗവണ്മെന്റ് ഓഫ് ഇന്ത്യ(ഇ.ഐ.ജി.ഐ.)യുടെ അനുമതി ലഭിച്ചാലുടന്‍ സ്റ്റേഷനില്‍ 25 കെ.വി. വൈദ്യുതി പ്രവഹിപ്പിക്കാം. എന്നാല്‍ ഇവിടേക്ക് കെ.എസ്.ഇ.ബി.യുടെ പുനലൂര്‍ 110 കെ.വി. സബ് സ്റ്റേഷനില്‍നിന്നു വൈദ്യുതി എത്തിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. ആഴ്ചകള്‍ക്കുള്ളില്‍ അനുമതി ലഭിക്കുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
2021 നവംബറിലാണ് പുനലൂരില്‍ സബ് സ്റ്റേഷന് നിര്‍മാണത്തിനുള്ള പ്രവൃത്തികള്‍ റെയില്‍വേ ആരംഭിച്ചത്. കൊല്ലം-ചെങ്കോട്ട പാതയില്‍ വൈദ്യുത തീവണ്ടികള്‍ ഓടിക്കുന്നതിനു വേണ്ടിയാണിത്. ഒന്നരവര്ഷംകൊണ്ടുതന്നെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. സബ് സ്റ്റേഷനുള്ളില്‍ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികളും ഇപ്പോള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സര്‍ക്യൂട്ട് ബ്രേക്കര്‍, കണ്ട്രോള് ആന്‍ഡ് റിലേ പാനല്‍, വൈദ്യുത ട്രാന്‍സ്ഫോര്‍മര്‍, പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്ഫോര്‍മര്‍, എൈസാലേറ്റര് തുടങ്ങിയവയെല്ലാം സ്ഥാപിച്ചു.
നിലവില്‍ (ഒ.എച്ച്.) ലൈനില്‍ പെരിനാട്ടെ സബ് സ്റ്റേഷനില്‍നിന്നുള്ള 25 കെ.വി. വൈദ്യുതിയുമുണ്ട്. ഈ ലൈനില്‍നിന്ന് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാനാണ് ഇ.ഐ.ജി.ഐ.യുടെ അനുമതി വേണ്ടത്. ഇതിനുള്ള റിപ്പോര്‍ട്ട് മാര്‍ച്ചില്‍ സമര്‍പ്പിച്ചിരുന്നു. അനുമതി ലഭിച്ചാല്‍ സബ് സ്റ്റേഷനു പുറത്തുള്ള ഏതാനും വയറിങ് ജോലികള്കൂടിയേ ഇനി ബാക്കിയുള്ളൂ.
സബ് സ്റ്റേഷനിലേക്ക് പുനലൂര്‍ കെ.എസ്.ഇ.ബി. സബ് സ്റ്റേഷനില്‍നിന്നു വൈദ്യുതി എത്തിക്കുന്നതിനുള്ള അടങ്കല്‍ പുതുക്കി സമര്‍പ്പിച്ചിട്ടുണ്ട്. 28.75 കോടിയാണ് അടങ്കല്‍. ഇത് കെ.എസ്.ഇ.ബി.യുടെ ചീഫ് എന്‍ജിനിയറുടെ ഓഫീസില്‍ പരിഗണനയിലാണ്. അനുമതി ലഭിച്ചാല്‍ 2.7 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ച് വൈദ്യുതിയെത്തിക്കും.
റെയില്‍വേക്ക് ടു ഫേസ് വൈദ്യുതി നല്കാന് കെ.എസ്.ഇ.ബി.യുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. മറ്റു തടസ്സങ്ങളില്ലാതെ പ്രവൃത്തി പൂര്‍ത്തിയായാല്‍ ഇക്കൊല്ലംതന്നെ റെയില്‍വേ സബ് സ്റ്റേഷന് പ്രവര്‍ത്തനക്ഷമമാകുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സബ്സ്റ്റേഷന് പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ മാത്രമേ കൊല്ലം-ചെങ്കോട്ട പാതയില്‍ പൂര്‍ണമായും വൈദ്യുത തീവണ്ടികള്‍ ഓടിക്കാനാകൂ.