കൊല്‍ക്കത്ത: ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെയുള്ള പോരാട്ടത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണ തേടി എ.എ.പി. നേതാക്കളായ അരവിന്ദ് കെജ്രിവാളും ഭഗവന്ത് മാനും. കൊല്‍ക്കത്തയിലെത്തിയ ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ മമതയെക്കണ്ട് പിന്തുണ തേടി. ഡല്‍ഹിയില്‍ ഇന്നു സംഭവിച്ചത് നാളെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ഏത് സംസ്ഥാനത്തും സംഭവിച്ചേക്കാമെന്ന് കൂടിക്കാഴ്ചയ്ക്കുള്ള സന്ദേശത്തില്‍ കെജ്രിവാള് വ്യക്തമാക്കി.
കേന്ദ്ര നീക്കത്തെ രാജ്യസഭയില്‍ പരാജയപ്പെടുത്തുകയാണെങ്കില്‍, അത് 2024-ന് മുന്‍പുള്ള സെമി ഫൈനലായിരിക്കുമെന്ന് കെജ്രിവാള് പറഞ്ഞു. ഇതൊരു ഡല്‍ഹിയെ സംബന്ധിച്ച് മാത്രമുള്ള കാര്യമല്ല. ബംഗാള്‍ ഗവര്‍ണര്‍ പോലും ഇതേകാര്യം ചെയ്യും. ഭഗവന്ത് മാനും ഇതുതന്നെ പറയുന്നു. ഗവര്‍ണര്‍ ഒരുപാട് ബില്ലുകളിന്മേല് തീരുമാനമെടുക്കുന്നില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് പറഞ്ഞതായും കെജ്രിവാള് മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി. രാജ്യത്തിന്റെ പേരുതന്നെ മാറ്റി പാര്‍ട്ടിപ്പേര് നല്‍കുമെന്നും ഭരണഘടനയെ തകര്‍ക്കുമെന്നും മമത പറഞ്ഞു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി. അതിക്രമം നടത്തുകയാണെന്നു പറഞ്ഞ മമത, സുപ്രീംകോടതിക്കു മാത്രമേ ഇനി രാജ്യത്തെ രക്ഷിക്കാനാവൂ എന്നും വ്യക്തമാക്കി. സുപ്രീംകോടതി വിധികളെ മറികടക്കാന്‍ കേന്ദ്രം ഗവര്‍ണറെ ഉപയോഗിക്കുകയും ഓര്‍ഡിനന്‍സും ഇറക്കി കളിക്കുകയും ചെയ്യുന്നു. അവര്‍ കോടതി വിധികളെ ബഹുമാനിക്കുന്നില്ലെന്നും മമത ആരോപിച്ചു.
ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കായി പ്രത്യേക സമിതിയെ നിശ്ചയിച്ചുകൊണ്ട് കേന്ദ്രം കഴിഞ്ഞ ദിവസം പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു കേന്ദ്രം അപ്രതീക്ഷിതമായി ഓര്‍ഡിനന്‍സ് ഇറക്കിയത്.