ന്യൂഡല്‍ഹി: മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി. വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു. ഇരുവര്‍ക്കും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുത്തു. ചൊവ്വാഴ്ച കൊളീജിയം ശുപാര്‍ശ ചെയ്ത ഇവരെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്. ഇതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം വീണ്ടും മുഴുവന്‍ അംഗസഖ്യയായ 34-ല്‍ എത്തി.
ജസ്റ്റിസുമാരായ എം.ആര്. ഷായും ദിനേശ് മഹേശ്വരിയും വിരമിച്ച ഒഴിവിലേക്കാണ് ഇവരുടെ പേരുകള്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്.
അഭിഭാഷകവൃത്തിയില്‍നിന്ന് നേരിട്ട് സുപ്രീംകോടതി ജഡ്ജിയായശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന നാലാം വ്യക്തിയാവാനും ഇതോടെ കെ.വി. വിശ്വനാഥന് അവസരമൊരുങ്ങി. ജസ്റ്റിസ് എസ്.എം. സിക്രിയാണ് ഇത്തരത്തില്‍ ബാറില്‍നിന്ന് നേരിട്ടെത്തി ചീഫ് ജസ്റ്റിസായത്. രണ്ടാമത്തേത് ജസ്റ്റിസ് യു.യു. ലളിതായിരുന്നു. നിലവില്‍ ജഡ്ജിയായ പി.എസ്. നരസിംഹയ്ക്കാണ് അടുത്ത അവസരം. ജസ്റ്റിസ് ജെ.ബി. പര്‍ദിവാല 2030 ഓഗസ്റ്റ് 11-ന് വിരമിക്കുമ്പോഴാണ് കെ.വി. വിശ്വനാഥന് ചീഫ് ജസ്റ്റിസ് പദവിക്ക് സാധ്യതയുള്ളത്. ചീഫ് ജസ്റ്റിസായാല്‍ 2031 മേയ് 25-ന് വിരമിക്കുംവരെ ഒമ്പത് മാസം ആ പദവി വഹിക്കാം.
കെ.വി. വിശ്വനാഥന്
പാലക്കാട് കല്‍പ്പാത്തി സ്വദേശിയായ കെ.വി. വിശ്വനാഥന് 35 വര്‍ഷമായി സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. ഭാരതിയാര്‍ സര്‍വകലാശാലയ്ക്കു കീഴിലെ കോയമ്പത്തൂര്‍ ലോ കോളേജില്‍ നിന്നാണ് അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് നിയമ ബിരുദമെടുത്തത്. 1988-ല്‍ തമിഴ്നാട് ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തു. രണ്ടു പതിറ്റാണ്ടുകാലം സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്തശേഷം 2009-ലാണ് അദ്ദേഹത്തിന് സീനിയര്‍ അഭിഭാഷക പദവി ലഭിച്ചത്. ഭരണഘടനാ നിയമങ്ങള്‍, ക്രിമിനല്‍ നിയമങ്ങള്‍, വാണിജ്യ നിയമങ്ങള്‍, പാപ്പരത്ത നിയമം, മധ്യസ്ഥത തുടങ്ങിയ മേഖലയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. അടുത്തിടെ സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട കേസിലും ഭരണഘടനാ ബെഞ്ചിന് മുന്‍പാകെ ഹാജരായിരുന്നു.
ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര
2009-ല്‍ ഛത്തീസ്ഗഢ് ഹൈക്കോടതിയിലെത്തിയ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര 2021-ലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. ഹൈക്കോടതികളില്‍ 13 വര്‍ഷത്തെ പരിചയസമ്പത്തുള്ള ജസ്റ്റിസ് മിശ്ര, അഖിലേന്ത്യാ സീനിയോറിറ്റി പട്ടികയില്‍ 21-ാമതാണെന്നും കൊളീജിയം ചൂണ്ടിക്കാട്ടി.