മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ ദേശീയ ദുരന്ത നിവാരണ സേന ഇന്നും തിരച്ചില്‍ ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേര്‍ന്നിരുന്നു. ഇന്ന് കൂടി തെരച്ചില്‍ തുടരാനാണ് തീരുമാനം. എത്രപേര്‍ ബോട്ടില്‍ കയറിയെന്ന കൃത്യമായ കണക്ക് കിട്ടാത്തതാണ് പ്രതിസന്ധിയായത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും കാണാനില്ലായെന്ന പരാതി നിലവില്‍ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. നേവിയും രണ്ടു തവണയായി തിരച്ചിലിന് എത്തിയിരുന്നു.
അതേസമയം അപകടത്തിന് കാരണമായ പ്രതി നാസറിനെതിരെ ഇന്ന് കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. ഇന്നലെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്ത നാസറിനെ താനൂര്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നില്ല. ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് കൊണ്ടുവരാതിരുന്നത്. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്. നാസറിനെതിരെ നരഹത്യാകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഡ്രൈവറായ സ്രാങ്ക് ദിനേശനും ജീവനക്കാരന് രാജനും ഒളിവിലാണ്. മുന്‍ദിവസങ്ങളില്‍ അമിതമായി യാത്രക്കാരെ കയറ്റി ദിനേശന് ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ പുറത്തുവിട്ടിട്ടുണ്ട്. കേസ് താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തില്‍ 14 അംഗ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. മലപ്പുറം എസ്പി എസ് സജിത് ദാസ് മേല്‍നോട്ടം വഹിക്കുന്ന അന്വേഷണ സംഘത്തില്‍ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ ഉണ്ട്.
നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെ ബോട്ട് സര്‍വീസ് നടത്തി
അപകടത്തിന് കാരണം നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെ ബോട്ട് സര്‍വീസ് നടത്തിയതാണെന്നാണ് കണ്ടെത്തല്‍. 21 പേരെ കയറ്റാന്‍ മാത്രം അനുമതിയുണ്ടായിരുന്നിടത്ത് 37 പേരോളം ആളുകളെ അറ്റ്ലാന്റിക് ബോട്ടില്‍ കയറ്റിയതാണ് അപകടത്തിന് വഴിവെച്ചത്. 21 യാത്രക്കാരുമായി സര്‍വീസ് നടത്താനാണ് കേരള മാരിടൈം ബോര്‍ഡില്‍നിന്ന് അനുമതിതേടിയത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനവും ഇതുവരെ ലഭിച്ചിരുന്നില്ല. എന്നാല്‍ അപകട ദിവസം ഡ്രൈവറും ജീവനക്കാരുമുള്‍പ്പടെ 37 പേരോളം ഉണ്ടായിരുന്നു.