ബെംഗളൂരു: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍. സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ആവര്‍ത്തിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം. കോണ്‍ഗ്രസിന്റെ ബജ്രംഗ് ദള്‍ നിരോധന പ്രഖ്യാപനമാണ് അവസാന ദിവസങ്ങളിലെ ബിജെപിയുടെ പ്രചാരണ ആയുധം.
ദേശീയ നേതാക്കളെ ഇറക്കിയും റോഡ് ഷോകള്‍ സംഘടിപ്പിച്ചും പ്രചാരണം കൊഴുപ്പിക്കുകയാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ബജ്രഗ് ദള്‍ നിരോധന പ്രഖ്യാപനം തുണയാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു. സര്‍വ്വേകള്‍ എതിരാണെങ്കിലും മോദിയുടെ പ്രചാരണത്തില്‍ മേല്‍കൈ ലഭിച്ചു എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. പ്രതിസന്ധിയിലായ കര്‍ഷകരിലും മുസ്ലിം ന്യൂനപക്ഷത്തിലുമാണ് ജെഡിഎസിന്റെ പ്രതീക്ഷ.
അവസാനവട്ട പ്രചാരണത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ കടുപ്പിച്ചാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ച് ഭരണം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. സര്‍ക്കാറിന് എതിരെ കരാറുകാര്‍ ഉന്നയിച്ച 40% കമ്മീഷന് ആരോപണമാണ് പ്രധാന ആയുധം. ബിജെപി ഭരണത്തില്‍ കര്‍ണാടകയില്‍ വികസനത്തിന് പകരം വിദ്വേഷമാണ് പ്രചരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറിലും ദേശീയ നേതാക്കളാണ് പ്രചാരണം നയിക്കുന്നത്.