ന്യൂഡല്‍ഹി: വെള്ളാപ്പള്ളിക്ക് തിരിച്ചടി. എസ്എന്‍ ട്രസ്റ്റ് ബൈലോയില്‍ ഭേദഗതി വരുത്തിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കുമാര്‍ എന്നിവരാണ് ഹര്‍ജിയില്‍ വിശദമായ വാദം കേട്ടത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനും എസ് എന്‍ ട്രസ്റ്റുമാണ് ഹര്‍ജി നല്‍കിയത്.
വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധിച്ച കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍നിന്ന് മാറി നില്‍ക്കണമെന്ന കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധിച്ച കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍നിന്ന് മാറി നില്‍ക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കേസില്‍ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്.
എസ്എന്‍ ട്രസ്റ്റ് ബൈലോ തയാറാക്കിയത് ഹൈക്കോടതി ആണ്. മുന്‍ ട്രസ്റ്റ് അംഗം അഡ്വ. ചെറുന്നിയൂര്‍ ജയപ്രകാശ് നല്കിയ ഹര്‍ജിയിലായിരുന്നു നിര്‍ണായകമായ ഭേദഗതി വരുത്തിയ കോടതി ഉത്തരവ്. അതേസമയം, ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി കേസിലെ എതിര് കക്ഷിക്ക് നോട്ടീസ് അയച്ചു. എസ്എന്‍ ട്രസ്റ്റിനും വെള്ളാപ്പള്ളി നടേശനും വേണ്ടി സീനിയര്‍ അഭിഭാഷകന് രാകേഷ് ദ്വിവേദിയും ഏബ്രഹാമും ഹാജരായി. ഉത്തരവ് സ്റ്റേ ചെയ്യണെമെന്ന വാദത്തെ കേസിലെ എതിര് കക്ഷിയും മുന്‍ ട്രസ്റ്റ് അംഗവുമായ ചെറുന്നിയൂര്‍ ജയപ്രകാശിന്റെ അഭിഭാഷകന് ജി പ്രകാശ് എതിര്‍ത്തു.