ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവിക്കായി താനില്ലന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരമുണ്ടോയെന്ന ചോദ്യത്തിന് ആരും പാര്‍ട്ടിക്ക് മുകളിലല്ല. നിയമസഭാ കക്ഷിയും ഹൈക്കമാന്‍ഡും ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി.
താങ്കള്‍ക്ക് സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി.’ഒരാള്‍ ഒരു കാര്യം ആഗ്രഹിക്കുന്ന കാലത്ത് കിട്ടിയില്ലെങ്കില്‍ കാര്യമില്ല. ഞാന്‍ ഹിമാലയത്തിലെത്തിക്കഴിഞ്ഞു. ഇനി കന്യാകുമാരിയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ സംസ്ഥാനത്തും 2024 ല്‍ കേന്ദ്രത്തിലും പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയെന്നതാണ് തന്റെ ലക്ഷ്യം.’
എംപി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം കര്‍ണാടകയില്‍ ചര്‍ച്ചയാക്കുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു. അഴിമതിയും ക്രമസമാധാന പ്രശ്നങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും നിക്ഷേപം എത്താത്തതും അടക്കമുള്ള വിഷയങ്ങളാണ് സംസ്ഥാനത്തെ പ്രശ്നമെന്നും ഖാര്‍ഗെ പറഞ്ഞു.