തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. കെല്‍ട്രോണില്‍ നിന്നും കരാര്‍ രേഖകള്‍ എടുത്ത വിജിലന്‍സ് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ഫയലുകള്‍ കൈപ്പറ്റി. മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷ്ണര്‍ രാജീവന് പുത്തലത്തിനെതിരെ കൊല്ലം ആന്റി കറപ്ഷന്‍ മിഷന് സെക്രട്ടറി നല്കിയ പരാതിയിലാണ് വിജിലന്‍സിന്റെ അന്വേഷണം.
ഗതാഗത വകുപ്പിന്റെ സെയ്ഫ് കേരള പദ്ധതിയിലെ പ്രധാന വരുമാന മാര്‍ഗമായി എഐ ക്യാമറകള്‍ വഴി ലഭിക്കുന്ന പിഴപ്പണത്തെയാണ് സര്‍ക്കാര്‍ കണ്ടിരുന്നത്. പദ്ധതിയുടെ ചുമതലക്കാരനായ മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവന് പുത്തലത്തിനെതിരെ അഞ്ച് കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. എഐ ക്യാമറകള്‍ സ്ഥാപിച്ചതിലും ലാപ്ടോപ്പ് വാങ്ങിയതിലും സെര്‍വര്‍ സജ്ജീകരിച്ചതിലും സ്ഥലം മാറ്റത്തിലും ഇലക്ട്രോണിക് വാഹനങ്ങള്‍ വാങ്ങിയതിലും ഉള്‍പ്പെടെയാണ് മറ്റ് ആക്ഷേപങ്ങള്‍.
വിജിലന്‍സ് നടത്തുന്ന അന്വേഷണത്തില്‍ ഉത്കണ്ഠയില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന് ബുധനാഴ്ച പറഞ്ഞിരുന്നു. വിജിലന്‍സ് അന്വേഷണം നല്ലതിനാകും. മേശയ്ക്ക് അടിയിലെ ഇടപാടുകള്‍ ഞങ്ങളാരും നടത്തിയിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് പുറത്തുവരട്ടെ. എഐ ക്യാമറയുമായി ബന്ധപ്പെട്ട ഉപകരാറുകളില്‍ ആര്‍ക്കെങ്കിലും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടത് ഒരു ഏജന്സിയുമായിട്ടാണെന്നുമായിരുന്നു എ കെ ശശീന്ദ്രന്റെ പ്രതികരണം.