തൃശൂര്‍: സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം നടത്തിയ മൂന്നംഗ സംഘം പിടിയില്‍. ചിയാരം സ്വദേശികളായ കളവന്‍ പറമ്പില്‍ കൊച്ചുമോന്( ഉണ്ണികൃഷ്ണന്-68), നെല്ലിപറമ്പില്‍ സുജിത്ത് (41), നെല്ലിപറമ്പില്‍ വീട്ടില്‍ സുനില്‍(52) എന്നിവരാണ് അറസ്റ്റിലായത്. ബസ് സ്റ്റോപ്പില്‍ സംസാരിച്ചിരിക്കുകയായിരുന്ന യുവതിയേയും യുവാവിനേയും സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം.
സംഭവം ഇങ്ങനെ
ചിയ്യാരം ആല്‍ത്തറ ജങ്ഷനിലെ ബസ് സ്റ്റോപ്പില്‍ സംസാരിച്ചിരിക്കുകയായിരുന്ന യുവതിയുടേയും യുവാവിന്റേയും അരികിലേക്ക് പ്രതികളിലൊരാളായ കൊച്ചുമോനാണ് ആദ്യം എത്തിയത്. ശേഷം ഇരുവരേയും കൊച്ചുമോന് ഭീഷണിപ്പെടുത്തി. ഇതില്‍ യുവാവ് പ്രതികരിച്ചു. തുടര്‍ന്ന് അവിടെ നിന്നും പോയ കൊച്ചുമോന് സുഹൃത്തുക്കളായ സുജിത്തിനേയും സുനിലിനേയും കൂട്ടി ബസ് സ്റ്റോപ്പിലേക്കെത്തി. ശേഷം യുവതിയേയും യുവാവിനേയും വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. പ്രതികളിലൊരാള്‍ യുവതിയുടെ കൈ പിടിച്ച് തിരിച്ചു. ആക്രമണത്തില്‍ രണ്ട് പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ യുവതി നെടുപുഴ പൊലീസ് സ്റ്റേഷനില്‍ യുവതി നല്കിയ പരാതിയിലാണ് കേസെടുത്തത്. യുവതിയും യുവാവും പറഞ്ഞ അടയാളങ്ങളിലൂടെ സബ് ഇന്‍സ്പെക്ടര്‍ അനുദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ബസ് സ്റ്റോപ്പിന് സമീപം കോഴിക്കട നടത്തുകയായിരുന്നു പ്രതികളിലൊരാളായ കൊച്ചുമോന്.