ബെംഗളൂരു: സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാര്‍ പാര്‍ടി വിട്ടു. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ട് സ്ഥാനാര്‍ത്ഥി പട്ടികയാണ് പാര്‍ട്ടി പുറത്ത് വിട്ടത്. അതില്‍ ജഗദീഷ് ഷെട്ടാര്‍ വിജയിച്ച ഹുബള്ളി ദര്വാഡ് സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ നാളെ പുറത്തു വരാനിരിക്കുന്ന അവസാന പട്ടികയില്‍ തനിക്ക് ഇടം ഉണ്ടാകില്ല എന്ന് മനസ്സിലാക്കിയാണ് ഷെട്ടാര്‍ ഇന്നു തന്നെ രാജിവെച്ചത്.’ഞാന്‍ ഒരു പിടിവാശിയും ഉള്ളയാളല്ല. എന്നാല്‍ ഇത്തവണ പാര്‍ട്ടി എന്നെ അപമാനിച്ചതിനാല്‍ എനിക്കും വാശിയാണ്. എന്നെ ശരിക്കും ബിജെപിക്ക് മനസ്സിലായിട്ടില്ല’ എന്ന് ഷെട്ടാര്‍ പ്രതികരിച്ചു.
നേതൃത്വത്തിന്റെ അന്തിമ തീരുമാനം അറിയുന്നതിനായി ഞായറാഴ്ച്ച വരെ കാത്തിരിക്കുമെന്നും അടുത്ത തീരുമാനം അതിനനുസരിച്ച് എടുക്കുമെന്നുമായിരുന്നു ഷെട്ടാര്‍ പറഞ്ഞത്. പിന്നാലെയാണ് രാജി പ്രഖ്യാപനം. മുതിര്‍ന്ന നേതാക്കളെ ഈവിധം തഴയുന്നത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കില്ലേയെന്ന ചോദ്യത്തിന് ഭരിക്കുന്നവരാണ് അതിനെക്കുറിച്ച് ചിന്തിക്കേണ്ടത് എന്നായിരുന്നു ഷെട്ടാറിന്റെ മറുപടി. ആറ് തവണ എംഎല്‍എയും സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാവുമായിരുന്നു ജഗദീഷ് ഷെട്ടാര്‍. പിന്നീട് മുഖ്യമന്ത്രിയായി. ഇക്കുറി സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം. കോണ്‍ഗ്രസുമായി ഷെട്ടാര്‍ ഇതുവരെ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടില്ല.
മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തനിക്ക് സീറ്റ് വേണം എന്ന നിലപാടില്‍ ഷെട്ടാര്‍ ഉറച്ചു നിന്നു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ബിജെപി നേതൃത്വവും തയ്യാറായില്ല. പിന്നാലെയാണ് ഷെട്ടാര്‍ രാജിവെച്ചത്.