തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി. സംസ്ഥാന പ്രസിഡന്റായി ജെബി മേത്തരെ തുടരാനനുവദിച്ചത് മുതല്‍ ഭാരവാഹി പട്ടികയിലപ്പാടെ വലിയ തര്‍ക്കമാണ് ഉയര്‍ന്നിട്ടുള്ളത്. രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന പലരെയും തഴഞ്ഞാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചതെന്ന ആക്ഷേപവും വ്യാപകമാണ്. അനര്‍ഹരും പാലം വലിച്ചവരുമടക്കം ഭാരവാഹി പട്ടികയിലിടം പിടിച്ചപ്പോള്‍ ഭൂരിപക്ഷം പദവികളിലും സംഘടനയില്‍ സജീവമായവരെ മറികടന്നാണ് നിയമനം നടത്തിയത്. ഭരവാഹി പട്ടികക്കെതിരെ പരാതകളുമായി എംപിമാര്‍ തന്നെ നേതൃത്വത്തെ സമീപിച്ചു.
ലിസ്റ്റിറങ്ങിയപ്പോള് ഞെട്ടിയത് കേരള നേതാക്കള്‍
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെയും എംപി- എംഎല്‍എ മാരെയും നോക്കുകുത്തികളാക്കി നിലവില്‍ പ്രസിഡന്റായിരുന്ന ജെബി മേത്തറുടെ ലിസ്റ്റ് അംഗീകരിക്കുകയാണ് നേതൃത്വം ചെയ്തത്. കെ.പി.സി.സി. അധ്യക്ഷന്‍പോലും അറിയാതെയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. നേതൃതലത്തിലും കൂടിയാലോചനകളുണ്ടായില്ല. രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന പലരെയും തഴഞ്ഞാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചതെന്ന് ചൂണ്ടിക്കാട്ടി 10 എം.പി.മാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെക്ക് പരാതിനല്‍കി. പ്രവര്‍ത്തനപരിചയം പരിഗണിക്കാതെയാണ് ഭാരവാഹികളെ നിശ്ചയിച്ചതെന്നാണ് പ്രധാന ആക്ഷേപം.
ഭാരവാഹികളെ പോലും അറിയാത്ത ആളെ വീണ്ടും പ്രസിന്റാാക്കി
ഒരാള്‍ക്ക് ഒരു പദവി എന്ന ചിന്തന്‍ ശിബിരത്തിലെ പ്രധാന തീരുമാനം ജെബി മേത്തറിനെ പ്രസിഡന്റായി തുടരാന്‍ അനുവദിച്ചതിലൂടെ അട്ടിമറിക്കപെട്ടതായി പുതിയ ലിസ്റ്റില്‍ ഇടംപിടിച്ച ഭാരവാഹികള്‍ തന്നെ പറയുന്നു. നിലവിലുണ്ടായിരുന്ന ഭാരവാഹികളെ പോലും അറിയാത്ത ആളാണ് ജെബിയെന്നും നിയമനം ചിന്താശിബിത തീരുമാനങ്ങള്ക്കെതിരെന്നും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി സുനിതാ വിജയന് പറഞ്ഞു.
ഒരാള്‍ക്ക് ഒരു പദവി, ഇഷ്ടക്കാര്‍ക്ക് ഒട്ടേറെ പദവി
ഭൂരിപക്ഷം ജില്ലകളിലും സംഘടനയില്‍ സജീവമായവരെ മറികടന്നാണ് ജില്ലാപ്രസിഡന്റുമാരെ നിശ്ചയിച്ചത്. ഇക്കാര്യത്തില്‍ കൂടിയാലോചനകളുണ്ടായില്ലെന്ന് എം.പി.മാര്‍ ചൂണ്ടിക്കാട്ടി. ഒരാള്‍ക്ക് ഒരുപദവി എന്നത് റായ്പുര്‍ ചിന്തന്‍ ശിബിരത്തിലും കോഴിക്കോട് ചിന്തന്‍ശിബിരത്തിലും അംഗീകരിച്ചതാണ്. എന്നിട്ടും മഹിളാകോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഈ മാനദണ്ഡം പാലിക്കാന്‍ ശ്രമിക്കാത്തത് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രസിഡന്റായി ജെബി മേത്തറെ തുടരാന്‍ അനുവദിച്ചുള്ള ഭാരവാഹി പട്ടികയ്ക്കാണ് എ.ഐ.സി.സി. അംഗീകാരം നല്‍കിയത്. നാല് വൈസ് പ്രസിഡന്റുമാരെയും 18 ജനറല്‍ സെക്രട്ടറിമാരെയും 14 ജില്ലാപ്രസിഡന്റുമാരെയുമാണ് പ്രഖ്യാപിച്ചത്. ഈ ലിസ്റ്റിനെതിരെയാണ് വ്യാപകമായ പരാതി ഉയര്‍ന്നിരിക്കുന്നത്.
കെ.പി.സി.സി. പ്രസിഡന്റ് നല്കിയ ലിസ്റ്റും തള്ളി
മഹിളാ കോണ്‍ഗ്രസ് ഭാരവാഹി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക കെ.പി.സി.സി. പ്രസിഡന്റ് സംഘടനാ നേതൃത്വത്തിന് കൈമാറിയിരുന്നു. ഇതിനൊപ്പം, നിലവിലെ നേതൃത്വത്തിലുള്ളവരില്‍നിന്ന് ഏറ്റെടുക്കാന്‍ തയ്യാറാകുന്ന സ്ഥാനങ്ങളെക്കുറിച്ച് ജെബി മേത്തര്‍ രേഖാമൂലം എഴുതിവാങ്ങുകയും ചെയ്തിരുന്നു. മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവരും കെ.പി.സി.സി. പ്രസിഡന്റും നല്കിയ പേരുകളൊന്നും പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതില്‍ പരിഗണിച്ചില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
പരിഗണിച്ചത് ജെബിയുടെ ലിസ്റ്റ് മാത്രം
സംസ്ഥാന പ്രസിഡന്റ് നല്കിയ പട്ടികമാത്രമാണ് എ.ഐ.സി.സി. പരിഗണിച്ചതെന്ന് എം.പി.മാര്‍ ആരോപിച്ചു. വോട്ടര്‍മാരില്‍ ഭൂരിപക്ഷവും സ്ത്രീകളായ ഒരു സംസ്ഥാനത്ത് മഹിളാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തമാകേണ്ടത് രാഷ്ട്രീയമായി ഏറെ പ്രധാനമാണ്. അത്തരമൊരു ഗൗരവം ഭാരവാഹികളെ നിശ്ചയിക്കുന്നതിലുണ്ടായില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ലതികാസുഭാഷിന് തല മൊട്ടയടിക്കാന്‍ കത്രികയും പൊടിയും നല്കിയ കൊല്ലത്തെ നേതാവിനും ഭാരവാഹിത്വം
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ലതികാ സുഭാഷ് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ നടത്തിയ മൊട്ടയടി സമരം ആരും മറക്കില്ല. അന്ന് തല മൊട്ടയടിക്കാന്‍ കത്രികയും അനുബന്ധ സൗകര്യങ്ങളും നല്കിയ കൊല്ലത്തെ അഭിഭാഷകയ്ക്ക് ജനറല്‍ സെക്രട്ടറി സ്ഥാനമാണ് പുതിയ ലിസ്റ്റില്‍. ഈ നിയമനവും പരാതിയായി നേതൃത്വത്തിന് മുന്നിലെത്തി കഴിഞ്ഞു.