കൊച്ചി: ദേവികുളം തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ നടപടിയില്‍ സ്റ്റേ നീട്ടണമെന്ന എ രാജയുടെ ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി സോമരാജനാണ് ഹര്‍ജി തള്ളിയത്. അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ സ്റ്റേ നീക്കണമെന്നായിരുന്നു ആവശ്യം. അപ്പീല്‍ നല്‍കുന്നത് പരിഗണിച്ച് അനുവദിച്ച പത്ത് ദിവസത്തെ സ്റ്റേ നീട്ടി നല്‍കില്ലെന്ന് കോടതി വ്യക്തമാക്കി.
അപ്പീല്‍ നല്കാന് അനുവദിച്ച പത്ത് ദിവസത്തിനിടെ രാജ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഇതുവരെ പരിഗണനക്ക് വന്നിട്ടില്ല. അപ്പീലിലെ പിഴവാണ് കേസ് പരിഗണിക്കാന്‍ തടസം. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്റ്റേ 20 ദിവസം കൂടി നീട്ടണമെന്നാവശ്യപ്പെട്ടാണ് രാജ വീണ്ടും ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍, സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കിയ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
എ രാജ പറഞ്ഞത്
സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കട്ടെയെന്ന് എ രാജ പറഞ്ഞു. സുപ്രീം കോടതിയിലെ അപ്പീല്‍ പരിഗണനയുള്ള കേസ് പരിഗണിക്കാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. അടുത്തയാഴ്ച്ച സുപ്രീം കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 20നാണ് ദേവികുളം എംഎല്‍എ ആയിരുന്ന എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയത്. ദേവികുളത്ത് മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാറിന്റെ പരാതിയാണ് എ രാജയുടെ അയോഗ്യതയിലേക്ക് നയിച്ചത്.