ന്യൂഡല്‍ഹി: ഏഴു സംസ്ഥാനങ്ങളിലായി പിഎം മിത്ര മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ടെക്സ്റ്റയില്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. ‘പ്രധാനമന്ത്രി മിത്രാ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍ വസ്ത്ര മേഖലയ്ക്ക് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ പ്രധാനം ചെയ്യും. ഇത് കോടികളുടെ നിക്ഷേപം ആകര്‍ഷിക്കുകയും ലക്ഷ കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്, എന്നിവയുടെ മികച്ച ഉദാഹരണമായിരിക്കും ഇത്’, പ്രധാനമന്ത്രി പറഞ്ഞു.
ആത്മ നിര്‍ഭര്‍ പദ്ധതിയുടെ ഭാഗമായി നിക്ഷേപം ആകര്‍ഷിക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും വിവിധ മേഖലകളില്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവിന് കീഴില്‍ ടെക്സ്റ്റൈല്‍ വ്യവസായത്തില്‍ ഇതുവരെ 1536 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി ടെക്സ്റ്റൈല്‍ മന്ത്രാലയം അറിയിച്ചു.