തിരുവനന്തപുരം: ബസ് ഓടിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ബോധം നഷ്ടമായി. കണ്ടക്ടറുടെ സമയോജിത ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.
വെള്ളറട ഡിപ്പോയില്‍ നിന്ന് നെയ്യാറ്റിന്‍കര- അമ്പൂരി- മായം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലായിരുന്നു സംഭവം. സംഭവ സമയം ബസില്‍ 35ല്‍ അധികം യാത്രക്കാരുണ്ടായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് ബോധം നഷ്ടമായതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറ്റു വാഹനങ്ങളില്‍ ഇടിച്ച് മുന്നോട്ട് ഓടി. ഇതുകണ്ട കണ്ടക്ടര്‍ പെട്ടെന്ന് തന്നെ ഓടിയെത്തി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വെള്ളറട സ്വദേശി വിഷ്ണുവായിരുന്നു കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍. ബസ് നിര്‍ത്തി ഉടന്‍ തന്നെ ഡ്രൈവര്‍ രാജേഷിനെ വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.