പാലക്കാട്: ബ്ലോക്ക് സമ്മേളനങ്ങള്‍ പൂര്‍ത്തിയാകാതെ ജില്ലാ സമ്മേളനം നടത്താന്‍ ഒരുങ്ങുന്നതില്‍ പ്രതിഷേധിച്ച് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം ബഹിഷ്കരിക്കാനൊരുങ്ങി ഒരു വിഭാഗം പ്രവര്‍ത്തകര്‍. ഈ മാസം 17 മുതല്‍ 20 വരെയാണ് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
പാലക്കാട് ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ 12 നിയോജക മണ്ഡലങ്ങളില്‍ ഷൊര്‍ണുര്‍, മണ്ണാര്‍ക്കാട്, ആലത്തൂര്‍, മലമ്പുഴ, തൃത്താല എന്നീ മണ്ഡലങ്ങളിലെ സമ്മേളനങ്ങള്‍ മാത്രമാണ് നിലവില്‍ പൂര്‍ത്തിയായത്. അതേസമയം വിഭാഗീയത രൂക്ഷമായ പാലക്കാട് മണ്ഡലത്തിലേതുള്പ്പെടെയുള്ള സമ്മേളനങ്ങള്‍ ഇതുവരെ നടന്നിട്ടില്ല. 99 മണ്ഡല സമ്മേളനം നടക്കേണ്ടയിടത്ത് 38 സമ്മേളനങ്ങള്‍ മാത്രമാണ് ഇതുവരെ നടന്നത്. ഈ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കും മുമ്പ് ജില്ലാ സമ്മേളനം നടത്തുന്നതിലാണ് പ്രവര്‍ത്തകരുടെ എതിര്‍പ്പ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നിയോജക മണ്ഡലത്തിലുള്‍പ്പെടെ മൂന്ന് മണ്ഡലങ്ങളിലെ പ്രസിഡന്റുമാര്‍ നിലവില്‍ കമ്മിറ്റികളില്‍ നിന്ന് പുറത്താണ് .
ജില്ലാ കമ്മിറ്റിയില്‍ നിന്നും അച്ചടക്ക നടപടി നേരിടുന്ന ഇരുപതില്‍ കൂടുതല്‍ പ്രവര്‍ത്തകരെ തിരിച്ചെടുക്കുന്നതിലും തീരുമാനമായിട്ടില്ല. ഇതിനിടെ കീഴ് കമ്മിറ്റികളിലെ സമ്മേളനം പോലും പൂര്‍ത്തിയാകാതെ ജില്ലാ സമ്മേളനം നടത്തുന്നത് സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. നിലവില്‍ 17 ന് ആരംഭിക്കാനിരിക്കുന്ന ജില്ലാ സമ്മേളനം ബഹിഷ്കരിക്കാനാണ് ഒരു കൂട്ടം പ്രവര്‍ത്തകരുടെ തീരുമാനം.