കോഴിക്കോട്: ടി പി ചന്ദ്രശേഖരന് വധക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ടെന്ന് കെ കെ രമ എംഎല്‍എ. ടി പി കൊല്ലപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ പത്രസമ്മേളനത്തില്‍ അദ്ദേഹത്തെ കുലംകുത്തി എന്ന് വിളിച്ചിട്ടുള്ളയാളാണ് പിണറായി. ഭൂമിയിലില്ലാത്ത ഒരാളെക്കുറിച്ച് അങ്ങനെ കുറ്റം പറയണമെങ്കില്‍ ആ മനസ്സില്‍ എത്രമാത്രം പകയും വിദ്വേഷവും ഉണ്ടായിരിക്കണം. ആ മരണത്തില്‍ സന്തോഷിക്കാത്ത ഒരാള്‍ക്ക് അങ്ങനെ പറയാന്‍ സാധിക്കില്ലെന്നും ഇത് മാത്രം മതി ടി പിയുടെ കൊലക്ക് പിന്നില്‍ പിണറായി ഉണ്ടെന്ന് വിശ്വസിക്കാനെന്നും രമ പറഞ്ഞു.
കഴിഞ്ഞ ദിവസം പിണറായി വിജയനുമായി വേദി പങ്കിടുന്ന ചിത്രം വാര്‍ത്തയായിരുന്നല്ലോ എന്ന ചോദ്യത്തിന് സഭയിലുള്ള കാഴ്ച്ചയല്ലാതെ പിണറായി വിജയനുമായി മുഖാമുഖം കണ്ടിട്ടേയില്ല എന്നായിരുന്നു മറുപടി. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ഉദ്ഘാടന വേദിയാണ് ആദ്യമായി പങ്കിടുന്നത്. കോടിയേരി മരിച്ച സമയത്ത് വീട്ടില്‍ പോയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഭാര്യയെ കാണുന്നത്. അന്ന് എന്നെ കണ്ടപ്പോള്‍ ജസ്റ്റ് ഒന്ന് എഴുന്നേറ്റ് നിന്നതല്ലാതെ മറ്റ് സംസാരങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഫോട്ടോ എടുക്കുന്ന സമയത്ത് മുഖ്യമന്ത്രിയെ നേരില്‍ കണ്ടപ്പോഴും എന്റെ ഉള്ളില്‍ ടി പി ചന്ദ്രശേഖരന്റെ മരണമായിരുന്നു. മരണം വരെ ഇത് പോകില്ലെന്നും രമ കൂട്ടിച്ചേര്‍ത്തു.വി ഡി സതീശന് ഒരു മികച്ച പ്രതിപക്ഷ നേതാവാണ്. കാര്യങ്ങള്‍ പഠിച്ച് ശക്തമായി അവതരിപ്പിക്കുന്ന നേതാവാണ്. സഭയില്‍ പ്രതിപക്ഷം ശക്തമാണ്. എന്നാല്‍ പുറത്ത് ശക്തമായ പ്രതിപക്ഷമില്ലാത്തതിന്റെ എല്ലാ പ്രശ്നങ്ങളുമുണ്ട്. കോണ്‍ഗ്രസില്‍ അധികാര വടംവലി നടന്നുകൊണ്ടിരിക്കുകയാണ്. അതാണ് ഏറ്റവും വലിയ പ്രശ്നം. എതിര്‍ക്കാന്‍ ഇപ്പുറത്ത് ആരുമില്ലാത്തതാണ് സിപിഎമ്മിന്റെ കൊള്ളരുതായ്മ കൂടാന്‍ കാരണമെന്നും രമ ആരോപിച്ചു.