കൊല്ലം: വൈദ്യുതി ബില്‍ തുക അടക്കാത്തതിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചതോടെ യുവ സംരംഭകന്റെ ഒന്നര ലക്ഷം രൂപയുടെ ഐസ്ക്രീം ഉല്‍പ്പന്നങ്ങള്‍ നശിച്ചതായി പരാതി. 2000ത്തിലധികം രൂപ ഡെപ്പോസിറ്റ് ഉള്ളപ്പോഴാണ് നിസാര തുക അടയ്ക്കാത്തതിന്റെ പേരിലുള്ള ഈ നടപടി.
കൊല്ലം ആശ്രാമത്ത് രണ്ട് മാസം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച എയ്സ് എന്ന ഐസ്ക്രീം പാര്‍ലര്‍ സ്ഥാപനത്തിലേക്കുള്ള വൈദ്യുതിയാണ് മുന്നറിയിപ്പില്ലാതെ കെഎസ്ഇബി അധികൃതര്‍ വിച്ഛേദിച്ചത്. 213 രൂപ കുടിശിക ഉണ്ടെന്ന് കാട്ടിയായിരുന്നു ഈ നടപടി.
പുലര്‍ച്ചേയോടെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ സ്ഥാപനത്തിലെത്തിയ ജീവനക്കാര്‍ വൈദ്യുതി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. വൈകിട്ടോടെ മുഴുവന്‍ ഐസ് ക്രീം ഉള്‍പ്പന്നങ്ങളും നശിച്ചെന്നാണ് പരാതി. പിന്നീട് വൈദ്യുതി ഓഫീസില്‍ എത്തിയപ്പോഴാണ് നിസാര തുകയ്ക്ക് ഈ നടപടി ഉണ്ടായതെന്ന് വ്യക്തമായത്. കുടിശിക തുകയുടെ വിവരം കെട്ടിട ഉടമയ്ക്കോ സംരംഭകനോ അറിയില്ലാരുന്നു.സംഭവത്തില്‍ വൈദ്യുത വകുപ്പ് മന്ത്രിക്ക് രോഹിത് പരാതി നല്കി