മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കിയ 20കാരിക്ക് കോടതി ശിക്ഷ വിധിച്ചു. 25,250 രൂപ പിഴയും തടവുമാണ് ശിക്ഷ വിധിച്ചത്. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി മുസ്ലിയാരകത്ത് മുജീബ് റഹ്മാന്റെ മകള്‍ ലിയാന മഖ്ദൂമ (20)ക്കാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പിഴയും കോടതി പിരിയും വരെ തടവും വിധിച്ചത്. 2022 നവംബര്‍ 10നായിരുന്നു കേസിനാസ്പദമായ സംഭവം.
മഞ്ചേരി എസ്ഐ ഖമറുസ്സമാനും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെയാണ് വിദ്യാര്‍ഥിയെ പിടികൂടിയത്. തുടര്‍ന്ന് കുട്ടിയോട് ലൈസന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും രക്ഷിതാവുമായി വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. കുട്ടിയുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ചപ്പോള്‍ ജനനതീയതി 2005 ആഗസ്റ്റ് 11ആണെന്ന് തിരിച്ചറിഞ്ഞു.
കേസ് പരിഗണിച്ച മഞ്ചേരി ജെഎഫ്സിഎം കോടതി ഡിസംബര്‍ ഏഴിന് ലിയാനക്ക് ജാമ്യം നല്കി. 50,000 ബോണ്ടിന്മേലുള്ള രണ്ടാള് ജാമ്യമടക്കമുള്ള ഉപാധികളിലായിരുന്നു ജാമ്യം. തുടര്‍ന്ന് കേസ് മജിസ്ട്രേറ്റ് എം നീതു സി ജെ എം കോടതിയിലേക്ക് വിട്ടു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ എം അഷ്റഫാണ് ഇന്നലെ കേസ് പരിഗണിച്ച് ശിക്ഷ വിധിച്ചത്.