തൊടുപുഴ: പുളിയന്മല സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാല്‍വരി മൗണ്ടിന് സമീപമാണ് സംഭവം. നെടുങ്കണ്ടം സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ള ഹ്യൂണ്ടായി സാന്‍ട്രോ കാറിനാണ് തീ പിടിച്ചത്. ആളുകള്‍ പെട്ടെന്ന് പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
നെടുങ്കണ്ടം വേല്പറമ്പില് സുലൈമാന്റെ ഉടമസ്ഥതയിലുള്ള സാന്‍ട്രോ കാറിനാണ് തീപിടിച്ചത്. തൊടുപുഴ പുളിയന്മല സംസ്ഥാനപാതയില്‍ കാല്‍വരി മൗണ്ടിന് സമീപത്തു വച്ചാണ് കാര്‍ കത്തിയത്. ചെറുതോണിയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം.
രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടെ അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇടുക്കിയില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘം എത്തി തീ അണച്ചെങ്കിലും കാര്‍ കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിവരം.