ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചു. രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് ജാമ്യാവസ്ഥയില്‍ ഇളവുതേടി സുപ്രീം കോടതിയെ സമീപിച്ചത്. തനിക്ക് ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാന്‍ അനുവാദം വേണം. ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും മഅ്ദനി കോടതിയില്‍ നല്കിയ അപേക്ഷയില്‍ പറയുന്നു.
ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ആയുര്‍വേദ ചികിത്സ തേടുന്നത്. കൂടാതെ പിതാവിന്റെ ആരോഗ്യ നില മോശമാണെന്നും തനിക്ക് പിതാവിനെ കാണാന്‍ അവസരം നല്‍കണമെന്നും മഅ്ദനി അപേക്ഷയില്‍ ആവശ്യപ്പെടുന്നു. കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നത് വരെ കേരളത്തില്‍ തുടരാന്‍ അനുവദിക്കണം. വലിയ സാമ്പത്തിക ഭാരമാണ് ബെംഗുളൂരുവില്‍ തുടരുന്നതു മൂലം ഉണ്ടാവുന്നത്. വിചാരണ പൂര്‍ത്തിയാക്കാന്‍ തന്റെ ആവശ്യം ഇനിയില്ലെന്നും മഅ്ദനി സുപ്രീം കോടതിയില്‍ പറഞ്ഞു.