ഇസ്രായേലില്‍ പോയി മുങ്ങിയ കര്ഷകന് ബിജു കുര്യന് തിരിച്ചെത്തി. മാറി നിന്നതിന് ഒറ്റ ലഷ്യമേയുണ്ടായിരുന്നുള്ളുവെന്നും അത് പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്നതായിരുന്നുവെന്നും ഇത് സംഘത്തിലുള്ളവരോട് പറഞ്ഞാല്‍ അനുവാദം കിട്ടില്ലെന്ന് കരുതിയെന്നും ബിജു പറഞ്ഞു. ഇന്ന് രാവിലെ കോഴിക്കോട് കരിപ്പൂരില്‍ വിമാനമിറങ്ങിയ ബിജു നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. താന്‍ തിരിച്ചുവന്നത് സ്വമേധയാ ആണെന്നും ഇസ്രായേലിലെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്നും ബിജു പറഞ്ഞു.
തന്നെ അന്വേഷിച്ച് ഒരു ഏജന്‍സിയും വന്നില്ലെന്നും സഹോദരനാണ് ടിക്കറ്റെടുത്ത് നല്‍കിയതെന്നുമാണ് ബിജു പറയുന്നത്. താന്‍ മുങ്ങിയെന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ വല്ലാത്ത വിഷമം തോന്നിയെന്നും അതാണ് സംഘത്തോടൊപ്പം തിരികെയെത്താന്‍ സാധിക്കാഞ്ഞതെന്നും സംഭവത്തില്‍ സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു അറിയിച്ചു. ബന്ധുക്കള്‍ക്കൊപ്പം ബിജു നാട്ടിലേക്ക് തിരിച്ചു.
ഇസ്രായേലിലെ കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കുന്നതിന് വേണ്ടിയായിരുന്നു കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി അശോകിന്റെ നേതൃത്വത്തില്‍ കേരളാ സര്‍ക്കാരിന്റെ പ്രതിനിധികളടക്കം 27 പേരടങ്ങുന്ന കര്‍ഷക സംഘം ഈ മാസം 12ന് ഇസ്രായേലിലേക്ക് പോയത്. ഇതിനിടയില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ കണ്ണൂര്‍ സ്വദേശിയായ ബിജു കുര്യനെ കര്‍ഷകനെ സംഘത്തില്‍ നിന്നും കാണാതാവുകയായിരുന്നു. പിന്നീടാണ് ഇയാള്‍ മുങ്ങിയതാണെന്ന് മനസിലായത്.
ബിജു വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ തന് സുരക്ഷിതമാണെന്നും തന്നെ അന്വേഷിക്കേണ്ടന്നും അറിയിച്ചു. ഇതിനെ തുടര്‍ന്ന് സംഘം ബിജുവില്ലാതെ ഫെബ്രുവരി 20 ന് മടങ്ങിയെത്തി. മെയ് 8 വരെ ബിജുവിന്റെ വിസയ്ക്ക് കാലാവധിയുണ്ടായിരുന്നുവെങ്കിലും ഇയാളുടെ വിസ റദ്ദാക്കണമെന്ന് സര്‍ക്കാര്‍ എംബസി വഴി ആവശ്യപ്പെട്ടിരുന്നു.