ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ ഒബിസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെും പിന്നോക്ക വിഭാഗങ്ങളുടെ താത്പര്യവും പ്രാതിനിധ്യവും സംരക്ഷിക്കുമെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളന പ്രമേയം. ഇതിനായി ജാതി സെന്‍സസ് നടത്തും. ദുര്‍ബലരുടെ അന്തസ് സംരക്ഷിക്കാന്‍ രോഹിത് വെമുല നിയമം പ്രാവര്‍ത്തികമാക്കുമെന്നും പ്രമേയത്തില്‍ പറഞ്ഞു.വനിത കമ്മീഷന് ഭരണഘടന പദവി നല്‍കുമെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്. കൃഷി, സാമൂഹിക നീതി, വിദ്യാഭ്യാസ വിഷയങ്ങളില്‍ ആണ് പ്രമേയം അവതരിപ്പിച്ചത്.
പ്രധാനമന്ത്രിക്ക് എതിരെ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പ്രസംഗം രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്ന എം ലിജുവിന്റെ നിര്‍ദേശമായിരുന്നു പ്രസംഗങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം.
പ്രിയങ്ക ഗാന്ധിയുടെ വാക്കുകള്‍
താഴേത്തട്ട് മുതല്‍ പ്രസ്ഥാനം ശക്തിപ്പെടണമെന്ന് പ്രിയങ്ക ഗാന്ധി സമ്മേളനത്തില്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ ഗ്രാമങ്ങളിലേക്ക് പോകണം. ഭാരത് ജോഡോ യാത്രയുടെ വികാരം പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമാകണം. വലിയ ഉത്തരവാദിത്തമാണ് ഓരോ പ്രവര്‍ത്തകനുമുള്ളത്. പ്ലീനറി സമ്മേളനത്തിലെ ചര്‍ച്ചകള്‍ പൊതുജനങ്ങളിലേക്കെത്തണം. ഈ ചര്‍ച്ചകള്‍ ഇവിടെ അവസാനിക്കരുത്. ഒറ്റക്കെട്ടായി പാര്‍ട്ടി മുന്പോട്ട് പോകുമെന്ന് പ്രതീക്ഷയുണ്ടെന്നും പ്രിയങ്ക ഗാന്ധി സമ്മേളനത്തില്‍ പറഞ്ഞു.
മൂന്ന് ദിവസം നീണ്ടുനിന്ന കോണ്‍ഗ്രസിന്റെ 85-ാമത് പ്ലീനറി സമ്മേളനം ഇന്ന് സമാപിക്കും. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തോടെ പ്ലീനറി സമ്മേളനം അവസാനിക്കുക.