മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീം താരങ്ങളായ ഇഷാന്ത് ശര്‍മയോടും അശ്വിനോടും നാളെ നടക്കാനിരിക്കുന്ന രഞ്ജി മത്സരങ്ങളില്‍ നിന്ന് വിട്ട് നില്ക്കാന് പറഞ്ഞ് ബി.സി.സി.ഐ. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായിട്ടാണ് ബി.സി.സി.ഐയുടെ തീരുമാനം. അതെ സമയം ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷാമിക്ക് ചില നിയന്ത്രണങ്ങളോടെ രഞ്ജിയില്‍ മത്സരിക്കാന്‍ ബി.സി.സി.ഐ അനുവാദം നല്‍കിയിരുന്നു.
നാളെ തുടങ്ങുന്ന രഞ്ജി മത്സരങ്ങള്‍ നവംബര്‍ 24നാണ് അവസാനിക്കുക. നവംബര്‍ 28ന് ഇന്ത്യക്ക് നാല് ദിവസം നീണ്ടു നില്ക്കുന്ന പരിശീലന മത്സരവുമുണ്ട്. ഇത് മുന്പില് കണ്ടു കൊണ്ടാണ് താരങ്ങളെ രഞ്ജിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. ഇഷാന്തിന്റെ സേവനം നഷ്ടമാവുന്നത് രഞ്ജിയില്‍ ഡല്‍ഹിക്ക് തിരിച്ചടിയാണ്. അതെ സമയം അശ്വിന് തമിഴ്നാടിന്റെ രണ്ടാമത്തെ രഞ്ജി ട്രോഫി മത്സരത്തില്‍ കളിച്ചിരുന്നില്ല.