നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കാന്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമെന്ന് കേരളം. വിചാരണ നീട്ടികൊണ്ട് പോകാനാണ് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്ന വാദം അടിസ്ഥാന രഹിതമാണെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കേരളം സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തു.
നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കുന്നതിനെതിരെ ദിലീപ് സത്യവാങ്മൂലം നല്‍കിയിരുന്നു. വിസ്താരത്തിന് പ്രോസിക്യുഷന് നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നത്. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യം ആവശ്യപ്പെട്ടത്. കാവ്യാ മാധവന്റെ അച്ഛനെയും അമ്മയെയും വിസ്തരിക്കുന്നതിലും ദിലീപ് എതിര്‍പ്പ് അറിയിച്ചിരുന്നു.
കാവ്യ മാധവന്റെ അച്ഛന് മാധവനെയും അമ്മ ശ്യാമളേയും വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യുഷന് ആവശ്യപ്പെടുന്നത് വിചാരണ നീട്ടി കൊണ്ടുപോകാന്‍ ആണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിച്ചു. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരി ഭര്‍ത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷന് വിചാരണ കോടതിയെ സമീപിച്ചത്.