യൂത്ത് കോണ്‍ഗ്രസ് നേതാവ് മട്ടന്നൂര്‍ ഷുഹൈബിനെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത്. കൊല്ലാന്‍ തീരുമാനിച്ചാല്‍പിന്നെ ഉമ്മ വച്ച് വിടണമായിരുന്നോ എന്നായിരുന്നു ജിജോ തില്ലങ്കേരി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. ഷുഹൈബിനെ കൊലപ്പെടുത്തിയതിനെ വിമര്‍ശിച്ചുള്ള കമന്റിനു മറുപടിയായാണ് ജിജോ തില്ലങ്കേരി ഇക്കാര്യം പറഞ്ഞത്.
നേരത്തെ കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സിപിഎം പ്രാദേശിക നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്നായിരുന്നു ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.
കൊലപാതകത്തിന് ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലികിട്ടിയെന്നും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവെക്കലുമാണ് പ്രതിഫലമെന്നും ആകാശ് പറഞ്ഞിരുന്നു. അതേസമയം, ഷുഹൈബ് വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നാണ് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന് വ്യക്തമാക്കിയത്.