കൊല്ലം: ഗ്രാമ പഞ്ചായത്തംഗത്തിന്റെ പരാതിയില്‍ വളര്‍ത്ത് നായയെ കസ്റ്റഡിയിലെടുത്ത കൊല്ലം കുണ്ടറ പൊലീസ് വെട്ടിലായി. പേരയം പഞ്ചായത്തംഗം സെല്‍വി സെബാസ്റ്റ്യനെ മൂന്ന് തവണ ഒരേ നായ കടിച്ചതിനെ തുടര്‍ന്നാണ് പൊലീസിന്റെ വിചിത്ര നടപടി.
കുണ്ടറ കാഞ്ഞിരം കൊട് സ്വദേശി വിജയന്റെ വളര്‍ത്തു നായയാണ് കേസിലെ പ്രതി. മൂന്ന് തവണയാണ് അയല്‍വാസിയായ സെല്‍വി സെബാസ്റ്റ്യനെ നായ കടിച്ചത്. ഇനി കടിയേല്‍ക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് സെല്‍വി പൊലീസില്‍ പരാതി നല്‍കിയത്. നാട്ടുകാര്‍ക്ക് കൂടി വേണ്ടിയാണ് താന്‍ പരാതി നല്‍കിയതെന്നാണ് പഞ്ചായത്തംഗം പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ നായയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷന് വളപ്പില്‍ കെട്ടിയിട്ട നായ ബഹളം വെയ്ക്കാന്‍ തുടങ്ങിയതോടെ പൊലീസ് കുടുങ്ങി. ഇതോടെ ഉടമയെ വിളിച്ച് നായയെ കൂട്ടിലിട്ട് വളര്‍ത്തണമെന്ന ഉറപ്പിന്മേല് പരാതി പരിഹരിക്കുകയായിരുന്നു.