ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും താരങ്ങള്‍ക്കുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബി.സി.സി.ഐ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ. ‘സീ ന്യൂസ്’ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് ഗുരുത ആക്ഷേപങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ ഉത്തേജക കുത്തിവയ്പ്പ് എടുക്കാറുണ്ടെന്ന് ചേതന്‍ ശര്‍മ ആരോപിച്ചു.
80 മുതല്‍ 85 ശതമാനം വരെ ഫിറ്റ്നസുണ്ടെങ്കിലും പരുക്ക് മറച്ചുവയ്ക്കാന്‍ കളിക്കാര്‍ കുത്തിവയ്പ്പ് എടുക്കാറുണ്ട്. ഈ കുത്തിവയ്പ്പ് ഉത്തേജക പരിശോധനയില്‍ പോലും പിടിക്കപ്പെട്ടിട്ടില്ല. ഉത്തേജക പരിശോധനയില്‍ ഏത് കുത്തിവയ്പാണ് പിടിക്കപ്പെടുക, ഏത് പിടിക്കപ്പെടില്ലെന്നുവരെ കളിക്കാര്‍ക്ക് അറിയാമെന്നും ശര്‍മ ആരോപിച്ചു.
ചേതന്‍ വെളിപ്പെടുത്തിയ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രധാന 6 രഹസ്യങ്ങള്‍ നോക്കാം:…
വിരാട് കോലി സൗരവ് ഗാംഗുലി തര്‍ക്കം:
മുന്‍ ക്യാപ്റ്റന്‍ കോലിയും ബിസിസിഐ മുന്‍ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും തമ്മില്‍ ഈഗോ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ശര്‍മ ആരോപിച്ചു. സൗരവ് ഗാംഗുലി കോലിയോട് ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള കാര്യം പുനഃപരിശോധിക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും കോലി അത് ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് കോലിക്ക് ഏകദിന ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായി?:
കോലിയെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്ന് നീക്കിയത് സെലക്ടര്‍മാരാണെന്നും അതിന് വ്യക്തമായ കാരണം ഉണ്ടെന്നും ചേതന്‍ പറഞ്ഞു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രണ്ട് ക്യാപ്റ്റന്മാര് ഇന്ത്യയ്ക്ക് വേണമെന്ന് സെലക്ടര്‍മാര്‍ക്ക് അഭിപ്രായമില്ലായിരുന്നുവെന്നും അതിനാല്‍ തന്നെ ടി20 നായകനായി രോഹിതിനെ നിയമിച്ച ശേഷം ഏകദിന ക്യാപ്റ്റന്‍സി കൂടി താരത്തിന് നല്‍കുന്നതാണ് ഉചിതമെന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കളിക്കാര്‍ ചേതന്‍ ശര്‍മ്മയെ സന്ദര്‍ശിക്കാറുണ്ട്:
ഹാര്‍ദിക് പാണ്ഡ്യ, ഉമേഷ് യാദവ്, ദീപക് ഹൂഡ തുടങ്ങിയ താരങ്ങള്‍ തന്റെ വീട് സന്ദര്‍ശിക്കാറുണ്ടെന്നും ക്രിക്കറ്റിലെ തങ്ങളുടെ ഭാവിയെക്കുറിച്ച് ചര്‍ച്ച നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഹിത്ത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ചീഫ് സെല്കടര്‍മാരെ സ്വാധീനിക്കാറുണ്ട്. സീനിയര്‍ താരങ്ങള്‍ നിലനില്‍പ്പിനായി മറ്റ് താരങ്ങളെ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രോഹിത് വിരാട് ബന്ധം:
മാധ്യമ റിപ്പോര്‍ട്ടുകള്‍ പോലെ രോഹിത് ശര്‍മ്മയും വിരാട് കോലിയും തമ്മില്‍ ഒരു യുദ്ധവും ഉണ്ടായിട്ടില്ല. അമിതാഭ് ബച്ചനെയും ധര്‍മേന്ദ്രയെയും പോലെയാണ് ഇരുവരുമെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നത്?
വിരാട് കോലിയെയും രോഹിത് ശര്‍മ്മയെയും പോലുള്ള സ്റ്റാര്‍ കളിക്കാര്‍ക്ക് T20 WC 2022 മുതല്‍ T20I കളില്‍ നിന്ന് വിശ്രമം അനുവദിച്ചിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലിനെപ്പോലുള്ള കളിക്കാര്‍ക്ക് അവസരം നല്കാന് വലിയ താരങ്ങള്‍ ‘വിശ്രമിച്ചിരിക്കുന്നു’ എന്ന് ചേതന്‍ പറഞ്ഞു.
സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍?
സഞ്ജു സാംസണിന് പകരം ഇഷാന് കിഷനെയോ കെ.എല്‍ രാഹുലിനേയോ ഉള്‍പ്പെടുത്തിയാല്‍ ട്വിറ്ററില്‍ ആളുകള്‍ നമുക്കെതിരെ പൊട്ടിത്തെറിക്കും.