കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്‍ തീപിടിത്തം. സര്‍ജിക്കല്‍ വാര്‍ഡിന് സമീപം നിര്‍മാണം നടക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സംഭവം. ആദ്യം ചെറിയ തീ പടരുന്നതാണ് ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും കണ്ടത്. ഉടന്‍ ആളിപ്പടരുകയായിരുന്നു.
തീയും പുകയും ഉയര്‍ന്നതോടെ സമീപ വാര്‍ഡിലെ നൂറിലധികം രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി.
ഫയര്‍ഫോഴ്സിന്റെ ആദ്യ യൂണിറ്റെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും തീ ആളിക്കത്തുകയായിരുന്നു. വീണ്ടും രണ്ട് യൂണിറ്റുകള്‍ കൂടിയെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. എട്ട് നിലയുള്ള കെട്ടിടമായതിനാല്‍ മുകള്‍ നിലയിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളും തുടരുന്നു. ആശുപത്രിയുടെ മൂന്നാം വാര്‍ഡിന്റെ പിന്‍ഭാഗത്തായാണ് പുതിയ എട്ട് നില കെട്ടിടം നിര്‍മിക്കുന്നത്.