വൈപ്പിന്‍: സംസ്ഥാന സര്‍ക്കാരിന്റെ ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഞാറക്കല്‍ ജയ്ഹിന്ദ് മൈതാനം ഒരു കോടി രൂപ ചെലവില്‍ സുസജ്ജമാക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി കെ എന്‍ ഉണ്ണിക്കൃഷ്ണന് എംഎല്‍എ അറിയിച്ചു. വൈപ്പിന്‍ ദ്വീപിലെ ഏറ്റവും പ്രമുഖമായ മൈതാനത്തിന് 50 ലക്ഷം രൂപ കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്നും 50 ലക്ഷം രൂപ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നുമാണ് അനുവദിച്ചത്.
പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സിയായ സ്പോര്‍ട്ട്സ് കേരള ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനു മുന്നോടിയായി കെ എന്‍ ഉണ്ണിക്കൃഷ്ണന് എംഎല്‍എയ്ക്കൊപ്പം ഫൗണ്ടേഷന് അധികൃതര്‍ ജയ്ഹിന്ദ് മൈതാനം നേരത്തെ സന്ദര്‍ശിച്ചിരുന്നു. കായികമുള്‍പ്പെടെ പ്രാദേശിക ആവശ്യങ്ങള്‍ക്കും പ്രസക്തിക്കും യോജിച്ച വിധത്തിലാണ് മാസ്റ്റര്‍ പ്ലാനെന്ന് കെ എന്‍ ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
മൈതാനത്തിന്റെ എസ്റ്റിമേറ്റില്‍ മാഡ്കോര്ട്ടിന്റെ നിര്‍മ്മാണം, നിലവിലുള്ള സ്റ്റേജിന്റെയും ചെയ്ഞ്ച് റൂമിന്റെയും നവീകരണം, യാര്‍ഡ് ലൈറ്റിംഗ് പ്രവൃത്തികള്‍ എന്നിവയാണ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുക. കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ക്രിക്കറ്റ് പിച്ചിന്റെ നിര്‍മ്മാണം, ഗ്രൗണ്ടിന് ചുറ്റും ഫെന്‍സിംഗ് സ്ഥാപിക്കല്‍, ഗ്രൗണ്ടിന്റെ മൂന്നു വര്‍ഷത്തെ പരിപാലനം, എന്നിവയാണ് പ്രധാനമായും നിര്‍വ്വഹിക്കുന്നത്.
പ്ലാന്‍ ഫണ്ടിന്റെ ഭരണാനുമതിയില്‍ ഓപ്പണ്‍ ജിംനേഷ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിവില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഓപ്പണ്‍ ജിംനേഷ്യം നിര്‍മ്മാണം ആരംഭിക്കുമെന്നും കഴിയുന്നത്രവേഗം മുഴുവന്‍ പദ്ധതിയും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കെ എന്‍ ഉണ്ണിക്കൃഷ്ണന് എംഎല്‍എ പറഞ്ഞു.