ഹരിപ്പാട്: മോഷണക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പണം തട്ടിയെടുത്ത എസ്ഐക്ക് സസ്പെന്ഷന്. ഹരിപ്പാട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നിസാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മോഷണക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മുഴുവന്‍ പണവും കോടതിയില്‍ ഹാജരാക്കാത്ത സംഭവത്തിലാണ് സസ്പെന്ഷന്.
കിടപ്പുരോഗിയെ നോക്കാനെത്തിയ ഹോംനേഴ്സ് മണ്ണാറശാല തുലാംപറമ്പ് വടക്ക് ആയിശ്ശേരില്‍ സാവിത്രി പണം മോഷ്ടിച്ച കേസില്‍ എസ്ഐ നിസാറിന്റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തിയത്. സ്ത്രീയെയും അവരുടെ കൈവശമുണ്ടായിരുന്ന പണവും പൊലിസ് കണ്ടെടുത്തിയിരുന്നു. സാവിത്രിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അവരുടെ വീട്ടില്‍ നിന്നും പൊലീസ് 38,500 രൂപ കണ്ടെടുത്തിരുന്നുവെന്നും എന്നാല്‍ കേസിന്റെ രേഖകളില്‍ ഉദ്യോഗസ്ഥര്‍ 2,000 രൂപയെന്നാണ് ചേര്‍ത്തിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
കൂടാതെ പൊലീസ് പിടിച്ചെടുത്ത തുക തന്റെ വീട് പണയപ്പെടുത്തിയ വകയില്‍ തനിക്ക് ലഭിച്ചതാണെന്നും സാവിത്രി കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തില്‍ എസ്ഐയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.