കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ). ഇതുമായി ബന്ധപ്പെട്ട് ഭൂമി വാങ്ങാനായുള്ള ശ്രമങ്ങള്‍ അസോസിയേഷന് ആരംഭിച്ചു. ഭൂമി വാങ്ങുന്നതിനായി കെ.സി.എ പത്രപ്പരസ്യം നല്കി. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം പണിയാനാണ് കെ.സി.എ ശ്രമിക്കുന്നത്.
20 മുതല്‍ 30 ഏക്കര്‍ വരെ സ്ഥലം ഏറ്റെടുക്കാനാണ് കെ.സി.എയുടെ ശ്രമം. ഭൂമി നല്കാന് താത്പര്യമുളളവര്‍ക്ക് തിരുവനന്തപുരം കെ.സി.എ ഓഫീസുമായി ബന്ധപ്പെടാം. കേരളത്തില്‍ അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മിക്കുക എന്നതാണ് കെ.സി.എയുടെ ലക്ഷ്യം. നിലവില്‍ കേരളത്തില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്നത് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മാത്രമാണ്. എന്നാല്‍ ഇത് കേരള സര്‍വകലാശാലയുടെ കൈവശമാണുള്ളത്. ഈ സ്റ്റേഡിയം കരാറിലെടുത്താണ് കെ.സി.എ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
മുന്‍പ് കൊച്ചിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ പൂര്‍ണമായും ഫുട്ബോള്‍ മാത്രമാണ് നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കൊച്ചി. വയനാട് കൃഷ്ണഗിരിയിലും ഇടുക്കി തൊടുപുഴയിലുമെല്ലാം കെ.സി.എ യ്ക്ക് ഗ്രൗണ്ടുകളുണ്ടെങ്കിലും അവയൊന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ളതല്ല.
നിലവില്‍ നെടുമ്പാശ്ശേരിയിലും വല്ലാര്‍പാടത്തുമുള്ള ഭൂമിയാണ് കെ.സി.എ നോട്ടമിടുന്നത്. നെടുമ്പാശ്ശേരിയില്‍ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.
മൂന്ന് വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ക്രിക്കറ്റ് അസോസിയേഷന് ഉദ്ദേശിക്കുന്നത്. നിലവില്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ സ്റ്റേഡിയങ്ങള്‍ കേരളത്തിലുണ്ടെങ്കിലും കൊച്ചിയിലെ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ആക്ടീവ് സ്റ്റാറ്റസില്‍ അല്ല. ഇവിടെ മുന്‍പ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ അതു പൂര്‍ണമായും ഫുട്ബോള്‍ സ്റ്റേഡിയമാക്കി മാറ്റിയിരിക്കുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് കലൂര്‍ സ്റ്റേഡിയം.
നിലവില്‍ ഏഴ് ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കാണ് സ്വന്തമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം ഇല്ലാത്തത്. എറണാകുളം ജില്ലയില്‍ 30 ഏക്കര്‍ ഭൂമിയുള്ള ഉടമകളെത്തേടിയാണ് കെ.സി.എ പത്രപരസ്യം നല്‍കിയിരിക്കുന്നത്. 250 കോടി രൂപയോളമാണ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ചെലവിനായി പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ സ്റ്റേഡിയം നിര്‍മാണത്തിനായുള്ള മുഴുവന്‍ തുകയും ബി.സി.സി.ഐ ആണ് മുടക്കുക.