കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ ക്രിക്കറ്റര്‍ കെ എല്‍ രാഹുലും, ബോളിവുഡ് താരം ആതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം നടന്നത്. ആതിയയുടെ പിതാവും പ്രശസ്ത ബോളിവുഡ് നടനുമായ സുനില്‍ ഷെട്ടിയുടെ ഫാം ഹൗസില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു നടന്നത്.
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര നടക്കുന്നതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഈ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവര്‍ക്ക് വേണ്ടി പിന്നീട് ഒരു വമ്പന്‍ പാര്‍ട്ടി രാഹുലും, ആതിയയും ചേര്‍ന്ന് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം കെഎല്‍ രാഹുലിനും ബോളിവുഡ് താരം അതിയ ഷെട്ടിക്കും വിവാഹത്തിന് ലഭിച്ചത് കോടികള്‍ വിലവരുന്ന സമ്മാനങ്ങള്‍. അതിയ ഷെട്ടിയുടെ പിതാവ് ബോളിവുഡ് താരം സുനില്‍ ഷെട്ടി വധൂവരന്മാര്ക്ക് സമ്മാനമായി നല്‍കിയത് 50 കോടി വില വരുന്ന വീടാണ്. ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന് 1.64 കോടി വിലവരുന്ന ഔഡി കാറും നടന് ജാക്കി ഷെറോഫ് 30 ലക്ഷം വിലവരുന്ന വാച്ചും സമ്മാനമായി നല്കി.
നടന് അര്ജുന് കപൂര്‍ 1.5 കോടി വിലവരുന്ന ഡൈമണ്ട് നെക്ലെസാണ് സമ്മാനമായി നല്‍കിയത്. ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി 2.17 കോടി വിലവരുന്ന ഔഡി കാറും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് ധോനി 80 ലക്ഷം രൂപ വിലവരുന്ന കവാസാക്കി നിന്‍ജ ബൈക്കുമാണ് സമ്മാനമായി നല്‍കിയത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രാഹുലും അഥിയയും വിവാഹിതരായത്. ഒരു വര്‍ഷം മുന്‍പാണ് ഇരുവരും ബന്ധം പരസ്യമാക്കിയത്. അതിനു പിന്നാലെ പൊതുപരിപാടികളിലും മറ്റും ഇരുവരും ഒരുമിച്ചെത്താന്‍ തുടങ്ങി.
ഒന്നിച്ച് അവധി ആഘോഷിച്ചതിന്റെ നിരവധി ചിത്രങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇത്തവണത്ത ഐപിഎല്‍ സീസണ് ശേഷം പ്രത്യേക വിവാഹ വിരുന്ന് നടത്തുമെന്ന് ഇരുവരുടേയും കുടുംബം അറിയിച്ചു. മുംബൈയില്‍ വെച്ചാകും ഇതെന്നാണ് സൂചനകള്‍. ക്രിക്കറ്റ് ലോകത്തേയും, ബോളിവുഡ് ലോകത്തേയും സൂപ്പര്‍ താരങ്ങളെല്ലാം ഈ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുമെന്നാണ് സൂചനകള്‍.